എം.വി. ഗോവിന്ദന്റെ വാദം പൊളിയുന്നു; നടന്നത് സി.പി.എം-ആർ.എസ്.എസ് രഹസ്യ ചർച്ച തന്നെ, സ്ഥിരീകരിച്ചത് മധ്യസ്ഥനായ ആൾദൈവം

കണ്ണൂർ: 2016ൽ നടന്ന സി.പി.എം-ആർ.എസ്.എസ് രഹസ്യ ചർച്ചയെക്കുറിച്ച് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞത് പച്ചക്കള്ളം. ഈ ചർച്ച വിവാദമായ 2021ൽ, അങ്ങനെയൊരു ചർച്ചയേ നടന്നിട്ടില്ലെന്നായിരുന്നു ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. എന്നാൽ, ഇന്നലെ കാസർകോട്ട് വാർത്താസമ്മേളനത്തിലാവട്ടെ ചർച്ച നടന്നതായി സ്ഥിരീകരിച്ചു. ‘അത് രഹസ്യ ചർച്ച ആയിരുന്നില്ല ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പരസ്യ ചർച്ചയായിരുന്നു’ എന്നാണ് പറഞ്ഞത്.

രണ്ട് വാദവും തെറ്റ്

ഗോവിന്ദൻ മാസ്റ്ററുടെ രണ്ട് വാദവും തെറ്റാണെന്നാണ് രഹസ്യചർച്ചക്ക് ഇടനിലക്കാരനായിരുന്ന ആർ.എസ്.എസ് സഹയാത്രികനായ ആൾദൈവം ശ്രീ എമ്മിന്റെ പഴയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. നടന്നത് രഹസ്യ ചർച്ച തന്നെയാണെന്നും പുറത്തറിഞ്ഞാൽ ചിലർ അത് തകർക്കുമെന്നതിനാലാണ് രഹസ്യമായി നടത്തിയതെന്നുമാണ് ശ്രീ എം അന്ന് മീഡിയവണ്ണിന് നൽകിയ വിഡിയോ ഇന്റർവ്യൂവിൽ തുറന്ന് പറഞ്ഞത്. അന്നത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും രഹസ്യ ചർച്ച സ്ഥിരീകരിച്ച് 2021ൽ ഫേസ്ബുക്കിൽ വിശദമായ ​കുറിപ്പ്​ പോസ്റ്റ് ചെയ്തിരുന്നു. ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹക്​ പി. ഗോപാലൻകുട്ടിയും രഹസ്യചർച്ച നടന്നതായി സമ്മതിച്ചിരുന്നു. ഇതിലൂടെ ഗോവിന്ദൻ മാസ്റ്ററുടെ 2021ലെയും ഇന്നലത്തെയും അവകാശവാദങ്ങൾ കള്ളമാണ് എന്നാണ് തെളിയുന്നത്.

2021 മാർച്ച് ഒന്നിന് എം.വി. ഗോവിന്ദൻ പറഞ്ഞത്:

‘എന്തും പറയാൻ മടിയില്ലാത്ത ചിലർ ഇവി​ടെ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആർ.എസ്​.എസുമായി നടത്തിയ ചർച്ചയിൽ ഒരു ഘട്ടത്തിലും ശ്രീ എം ഇടനില നിന്നിട്ടില്ല. അതിൽ എന്ത് എം വന്നിരിക്കുന്നു? ശ്രീ എം ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. ചർച്ച നടന്നു എന്നാണ് അവർ പറയുന്നതെങ്കിൽ അത് ഏത് ഹോട്ടലിലായിരുന്നു, എവിടെയായിരുന്നു, ആരൊക്കെയായിരുന്നു എന്നുള്ള കാര്യംകൂടി അവർ വെളിപ്പെടുത്തട്ടെ. ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണ്. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നത്​. ജമാഅത്തെ ഇസ്​ലാമി വർഗീയ പ്രസ്ഥാനമാണ്. മതനിരപേക്ഷ വാദി ആയ ശ്രീ എമ്മിനെ കുറിച്ച് അവർ പലതും പറയും’

ഇന്നലെ കാസർകോട് വാർത്താസമ്മേളനത്തിൽ പറഞ്ഞത്:

‘‘സി.പി.എം ആർ.എസ്.എസുമായി നടത്തിയത് രഹസ്യ ചർച്ച ആയിരുന്നില്ല. ഞങ്ങളത് പരസ്യമായി പറഞ്ഞതാണ്. നിങ്ങൾ ഇപ്പോഴേ അതറിയുന്നുള്ളൂ. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്. അതിന് ഫലമുണ്ടായി. സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി. ചർച്ചയിലെ വിവരങ്ങൾ മറച്ചു​വെച്ചിട്ടില്ല’’

ശ്രീ എം അഭിമുഖത്തിൽ പറഞ്ഞത്:

‘‘പിണറായി മുഖ്യമന്ത്രിയായ ശേഷം 2016 ഏപ്രിലിലാണ് സി.പി.എം-ആർ.എസ്.എസ് ചർച്ച നടത്തിയത്. ഇരുപാർട്ടിയിലുമുള്ളവരോ വെളിയിലുള്ളവരോ മീഡിയയെ ഉപയോഗിച്ച് ഈ നീക്കം തകർക്കുമെന്നതിനാലാണ് ഈ ചർച്ച രഹസ്യമായി നടത്താൻ തീരുമാനിച്ചത്. ആദ്യം തിരുവനന്തപുരത്തും പിന്നീട് കണ്ണൂരിലുമാണ് ചർച്ച നടന്നത്. 2014ൽ യോഗ പരിപാടിക്കിടെയാണ് പിണറായിയുമായി നല്ല പരിചയമുണ്ടാകുന്നത്. ഇങ്ങനെ ഒരു ചർച്ച നടത്തണമെന്ന് പിണറായിയോടാണ് ആദ്യം പറഞ്ഞത്. പിന്നീട് കോടിയേരിയുമായും പി. ജയരാജനുമായും സംസാരിച്ചു. തുടർന്ന് ആർ.എസ്.എസ് ദേശീയ നേതൃത്വവുമായും സംസാരിച്ചു.


അവർ ഗോപാലൻകുട്ടി അടക്കമുള്ള സംസ്ഥാന നേതൃത്വത്തോട് ചർച്ചക്ക് സന്നദ്ധമാകാൻ നിർദേശിച്ചു. അങ്ങനെ രണ്ട് സൈഡും റെഡിയായി. ആദ്യം തിരുവനന്തപുരം താജ് ഹോട്ടലിൽ നടന്ന രഹസ്യ ചർച്ചയിൽ പി. ജയരാജൻ ഉണ്ടായിരുന്നില്ല. ഒരുമാസം കഴിഞ്ഞ് രണ്ടാമത് കണ്ണൂരിലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം പ​ങ്കെടുത്തത്. ഇരുപാർട്ടികളും തമ്മിലുള്ള അക്രമം എങ്ങനെ തടയണ​മെന്ന മെക്കാനിസം ഇരുപാർട്ടികളും പിന്നീട് ചർച്ച ചെയ്താണ് തീരുമാനിച്ചത്. ഞാനില്ലാതെയും പിന്നീട് ഇരു കക്ഷികളും ചർച്ച നടത്തിയിട്ടുണ്ടാകാം’’

ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹക്​ പി. ഗോപാലൻകുട്ടി പറഞ്ഞത്:

'ശ്രീ ​എ​മ്മി​ന്​ അ​വ​രെ​യും പ​രി​ച​യ​മു​ണ്ട്, ഞ​ങ്ങ​ളെ​യും പ​രി​ച​യ​മു​ണ്ട്. അ​തു​കൊ​ണ്ട്​ ര​ണ്ടു​ കൂ​ട്ട​രോ​ടും സം​സാ​രി​ച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ൾ​ അ​വ​ർ ച​ർ​ച്ച​ക്ക്​ ത​യാ​റാ​യി. ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന്​ സം​ഘ​ർ​ഷ​ത്തി​ൽ അ​യ​വു​ണ്ടാ​യി എ​ന്ന​ത്​ സ​ത്യ​മാ​ണ്​'

ആരാണ് ശ്രീ എം:

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്​. 2020ൽ രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നൽകി ആദരിച്ചിരുന്നു. മഹേശ്വര്‍നാഥ് ബാബയാണ്​ ഇദ്ദേഹത്തിന്‍റെ ഗുരു.


രാഷ്ട്രീയ സ്വയംസേവക് സംഘവുമായുള്ള ബന്ധം നേരത്തെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീ എം തുറന്നുപറയുന്നുണ്ട്. ആര്‍.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ 'മാന്തന്‍റെ' ജോയന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ആർ.എസ്.എസ് ദേശീയ സംഘടനയാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.


ശ്രീ ​എ​മ്മിന്റെ സ​ത്‌​സം​ഗ് ഫൗ​ണ്ടേ​ഷ​ന് യോഗ സെന്റർ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ 2021 ഫെബ്രുവരിയിൽ നാലേക്കർ ഭൂമി അനുവദിച്ചതോ​ടെയാണ് രഹസ്യ ചർച്ചയെകുറിച്ച് വിവരങ്ങൾ വിവാദമായത്.

Full View

Tags:    
News Summary - Fact Check: MV Govindan about RSS -CPM secret meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.