കുറ്റിപ്പുറം (മലപ്പുറം): കുറ്റിപ്പുറത്ത് ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിന് താഴെ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന കുഴിബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപകരണങ്ങൾ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന അമേരിക്കൻ നിർമിത ബോംബാണ് കണ്ടെത്തിയത്.
ഇവ പാലത്തിന് സമീപം സ്ഥാപിച്ചതല്ലെന്നും ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസ് നിഗമനം. ഫ്രൻഡ് ടുവേർഡ് എനിമി എന്നറിയപ്പെടുന്നതും ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നതുമായ ക്ലേമോർ എന്ന് പേരുള്ള അഞ്ച് കുഴിബോംബുകളാണ് വ്യാഴാഴ്ച രാത്രിയോടെ പ്രദേശത്തെത്തിയവർ കണ്ടെത്തിയത്. പൊലീസെത്തി പരിശോധിച്ചതോടെ പ്രദേശത്തുനിന്ന് ആർമിയുടെ ലേബലുള്ള സഞ്ചിയും കണ്ടെത്തി. സ്ഫോടനത്തിനുപയോഗിക്കുന്ന വസ്തുക്കളും സമീപത്തുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന നിഗമനത്തിൽ ഇവ മലപ്പുറം മേൽമുറി എ.ആർ ക്യാമ്പിലേക്ക് മാറ്റി. ഇവ ഭോപാലിലും ഭരത്പൂരിലും നിർമിക്കുന്നുണ്ടെന്ന് പ്രദേശത്തെത്തിയ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ തൃശൂർ റേഞ്ച് ഐ.ജി അജിത്കുമാറടങ്ങുന്ന ഉന്നത പൊലീസ് സംഘവും തൃശൂരിൽനിന്നുള്ള ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തി.
രഹസ്യാന്വേഷണ വിഭാഗം, എൻ.എസ്.ജി, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തും. സൈന്യത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും മലപ്പുറം എസ്.പി കേസ് അന്വേഷിക്കുമെന്നും ഐ.ജി പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് എസ്.പി ശശികുമാർ, തിരൂർ ഡിവൈ.എസ്.പി ഉല്ലാസ് എന്നിവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.