പടക്കനിർമാണത്തിനിടെ വീട്ടിൽ സ്‌ഫോടനം; ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിൽ വീട്ടിൽ പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അനധികൃത പടക്കനിർമാണം നടത്താൻ ഉപയോഗിച്ച വീട് വാടകക്കെടുത്ത കോഴിക്കോട് മുണ്ടിക്കൻത്താഴം സ്വദേശി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച സ്‌ഫോടനമുണ്ടായ സമയത്ത് വിഷ്ണുവും ഇവിടെയുണ്ടായിരുന്നു. പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണുവിനെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിയിൽ എടുത്തിരുന്നു. ഞായറാഴ്ച രാവിലെ കുന്നമംഗലം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിഷ്ണുവിന്റെ സുഹൃത്ത് ഹിജിത്ത് എന്നയാളേക്കൂടി കേസിൽ പ്രതിചേർത്തിട്ടുണ്ട്.

പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് വിവരം. രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയോട്ടുമേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. ഈസമയം വീടിനകത്ത് ഉണ്ടായിരുന്ന ഷിനിക്കും വിഷ്ണുവിനും പൊള്ളലേറ്റിരുന്നു. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീട്ടിനുള്ളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമാണം നടത്തുകയായിരുന്നു എന്നാണ് വിവരം.

Tags:    
News Summary - Explosion at home while making fireworks; one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.