തിരുവനന്തപുരം: ലക്ഷദ്വീപിലെ സ്കൂളുകളിൽ കേരള സിലബസിലുള്ള പഠനം അവസാനിപ്പിക്കാനുള്ള തീരുമാനം ബാധിക്കുന്നത് 12000ത്തിൽ അധികം വിദ്യാർഥികളെ. ഇനി മുതൽ സ്കൂൾ പഠനം സി.ബി.എസ്.ഇ സിലബസിൽ മാത്രം മതിയെന്ന തീരുമാനത്തോടെ മലയാളം മീഡിയത്തിൽ പഠിക്കാനുള്ള അവസരം മുടങ്ങും. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് സി.ബി.എസ്.ഇ സിലബസ് നടപ്പാക്കുന്നതെന്നാണ് ദ്വീപ് ഭരണകൂടം പറയുന്നതെങ്കിലും സംഘ്പരിവാർ താൽപര്യമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.
കേന്ദ്രസർക്കാർ പാഠപുസ്തകങ്ങളിൽനിന്ന് വെട്ടിമാറ്റിയ ഗാന്ധിവധം, ഗുജറാത്ത് കലാപം, മുഗൾ ചരിത്രം തുടങ്ങിയവ തുടർന്നും പഠിപ്പിക്കാൻ കേരളം തീരുമാനിച്ചിരുന്നു. ഇത് ലക്ഷദ്വീപിൽ കേരള സിലബസ് പിന്തുടരുന്ന സ്കൂളുകളിലും പഠിപ്പിക്കുന്നുണ്ട്.സി.ബി.എസ്.ഇ സിലബസ് നടപ്പാക്കുന്നതോടെ ഇത്തരം പാഠങ്ങൾ പഠിപ്പിക്കുന്നത് തടയാം. ലക്ഷദ്വീപിൽ 43 സ്കൂളുകളായിരുന്നു ഉണ്ടായിരുന്നത്. ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നതോടെ സ്കൂളുകൾ ലയിപ്പിച്ച് 34 ആക്കി. ഇതിൽ ഒരോ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളുമുണ്ട്. നിലവിൽ കേരള സിലബസിന് പുറമെ, സി.ബി.എസ്.ഇ സിലബസും പഠിപ്പിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് താൽപര്യമുള്ള സിലബസ് തെരഞ്ഞെടുത്ത് പഠിക്കാൻ അവസരമുണ്ടായിരുന്നു.
12000ത്തിൽ അധികം വിദ്യാർഥികളാണ് ഈ സ്കൂളുകളിലുണ്ടായിരുന്നത്. ഒമ്പത് പരീക്ഷ കേന്ദ്രങ്ങളിലായി ദ്വീപിൽനിന്ന് കഴിഞ്ഞ വർഷം 882 പേർ കേരള സിലബസിലുള്ള രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയും 1150 പേർ ഒന്നാം വർഷ പരീക്ഷയും എഴുതിയിരുന്നു. 289 പേരാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കേരള സിലബസിൽ അറബിക് ഉൾപ്പെടെ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ഇല്ലാതാകും. കേരള സിലബസിലുള്ള അധ്യാപക പരിശീലന കോഴ്സായ ഡി.എൽ.എഡ് കവരത്തിയിലുണ്ട്. ഈ കോഴ്സിന്‍റെ കാര്യത്തിൽ ദ്വീപ് ഭരണകൂടം തീരുമാനമെടുത്തിട്ടില്ല. നേരത്തേ കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ കോഴ്സുകളാണ് ഉണ്ടായിരുന്നത്. ഇതു പിന്നീട് പോണ്ടിച്ചേരി സർവകലാശാലയുടേതാക്കി. ഇതിനു പിന്നാലെയാണ് സ്കൂൾ വിദ്യാഭ്യാസത്തിലും സംഘ്പരിവാർ താൽപര്യം അടിച്ചേൽപിക്കുന്നത്.
വിദ്യാർഥികളുടെ അവകാശലംഘനം -മന്ത്രി ശിവൻകുട്ടി
ആലപ്പുഴ: കേന്ദ്ര വിദ്യാഭ്യാസ നയപ്രകാരം ഏത് സിലബസ് പഠിക്കണം എന്ന് തീരുമാനിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തിന്‍റെ ലംഘനമാണ് ലക്ഷദ്വീപിൽ നടക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴ നിയോജകമണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.