സംവിധായകന്‍ നജീം കോയയുടെ താമസസ്ഥത്ത് റെയ്ഡ് നടത്തിയത് ഗുഢാലേചന -ഫെഫ്‌ക

സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായി ബി.ഉണ്ണികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. ലഹരിമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ്‌ നജീം കോയയുടെ ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിംഗിന്റെ റെയ്ഡ് നടന്നത്. വെബ് സിരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ നജീമിന്റെയും സംഘത്തിന്റെയും മുറിയിലേക്കാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ എത്തിയത്.

ലഹരി ഉപയോഗിക്കാത്ത തനിക്കെതിരെ ഇങ്ങനെയൊരു നടപടിയുണ്ടായതിൽ സംശയംതോന്നിയ നജീം തന്നെ വിളിച്ച് കാര്യം പറയുകയായിരുന്നെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. കയറിയ പാടെ സാധനമെടുക്കെടാ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അവരുടെ പെരുമാറ്റത്തില്‍ സാമാന്യ മര്യാദയില്ലായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡാണ് നജീം കോയയുടെ മുറിയില്‍ നടന്നത്. എല്ലാ സാധനങ്ങളും വലിച്ചിട്ടു. കര്‍ട്ടന്‍ പോലും അഴിച്ചിട്ടു. ഇവര്‍ നിരന്തരം ആരെയോ വിളിച്ച് 'സാധനം കിട്ടിയിട്ടില്ല' എന്ന് പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരു ഉദ്യോഗസ്ഥന്‍ നജീമിനോട് 'നീ വലിയ ആത്മവിശ്വാസത്തിലാണല്ലോ' എന്ന് ചോദിച്ചു.

‘ഇത്രയധികം സിനിമാക്കാർ അവിടെ താമസിച്ചിട്ട് എന്തുകൊണ്ട് നജീമിന്റെ മുറി മാത്രം പരിശോധിച്ചു എന്നത് സംശയം നിറഞ്ഞ ചോദ്യമാണ്. തിരുവനന്തപുരത്തു നിന്നെത്തിയ ഉദ്യോഗസ്ഥർ വളരെ എക്സലെന്റ് ലെവലിലുള്ളവരാണെന്നാണ് എനിക്ക് മനസ്സിലായത്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒന്നും ലഭിക്കാതെ അവർക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായത്’-നജീമിനെതിരെ നടന്ന ഗുഢാലോചന അന്വേഷിക്കണമെന്നും ഈ വ്യാജവിവരം നൽകിയ വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്നും ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

‘അവർ എന്തെങ്കിലും ലഭിക്കുമെന്ന് കരുതിയാണ് അങ്ങോട്ട് വന്നത്. ആരെങ്കിലും മനപൂർവ്വം അവിടെ കൊണ്ടുവയ്ക്കാൻ ശ്രമിച്ചോയെന്നും ഞങ്ങൾക്ക് സംശയമുണ്ട്. കാരണം ഹോട്ടൽ മുറിയാണ്,ഷൂട്ടിങ്ങിനു പോയാൽ അവിടെ ആരുമുണ്ടാകില്ല. എന്തെങ്കിലും കണ്ടെത്തിയാൽ നജീം കോയയെ കുറ്റക്കാരനാക്കുകയും ചെയ്യും’. റെയ്ഡിനെതിരെ മന്ത്രി എം.ബി. രാജേഷിനോടും മുഖ്യമന്ത്രിയോടും പരാതി ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

പ്രൊഡക്ഷന്റെ ഭാഗമായി സംവിധായകന് നല്‍കിയ കാറ് മുഴുവന്‍ പരിശോധിച്ചു. റെയ്ഡിന് ശേഷം ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ് ഒരു പേപ്പര്‍ ഒപ്പിടാന്‍ പറഞ്ഞു. അപ്പോള്‍ നജീം പറഞ്ഞു, ഒന്നും കിട്ടിയിട്ടില്ല, എന്ന് എഴുതി തന്നാല്‍ ഒപ്പിടാം എന്ന് പറഞ്ഞു. ഈ സംഭവം നജീമിന് കനത്ത മാനസികാഘാതമാണ് ഉണ്ടാക്കിയത്. നിയമപരമായ പരിശോധനകള്‍ക്ക് തങ്ങള്‍ എതിരല്ല എന്നാല്‍ ഒരാളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ നടപടി സംശയകരമാണ്. ഇതൊരു ഗൂഢാലോചനയാണ്. ഇതിന് പിറകില്‍ ആരോ ഉണ്ട്. അവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കുറച്ചു നാളുകളായി സിനിമയെ ചുറ്റുപ്പറ്റി നടക്കുന്ന ചർച്ചകൾ ഒരു പൊതുബോധം സൃഷ്ടിച്ചിട്ടുണ്ടെന്നും അതു ഭയമുണ്ടാക്കുന്നെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ഗുഢാലോചനയുടെ ഭാഗമായി നടന്ന ഈ റെയ്ഡിനെതിരെ എല്ലാ സംഘടനകളും പ്രതിഷേധം അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - excise raid in director najeem koyas room fefka alleges criminal conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.