അറസ്റ്റിലായ പ്രതികൾ

പങ്കാളികളെ പരസ്പരം കൈമാറൽ: ഭർത്താവിനെതിരെ പരാതി നൽകിയ യുവതി വിവരങ്ങൾ വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിൽ

കറുകച്ചാൽ(കോട്ടയം): കേരളത്തിലെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ഇരയായ ചങ്ങനാശ്ശേരി സ്വദേശിനി സംഘത്തി​ന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ്​ വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്‍റെ വിവരങ്ങൾ പുറത്തായത്​.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അഞ്ചുപേരാണ് കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. കുടുംബങ്ങ​ളെ ബാധിക്കുമെന്നതിനാൽ പ്രതികളുടെ വ്യക്തിവിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടില്ല.

ലൈംഗികചൂഷണത്തിന്​ മറ്റുള്ളവർക്ക്​ കാഴ്ചവെച്ചെന്ന്​ കാണിച്ച്​ ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിൽ​ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. കറുകച്ചാൽ പൊലീസ്​ സ്​റ്റേഷൻ പരിധിയിലും മറ്റുപല സ്ഥലങ്ങളിലുമെത്തിച്ച്​ ഭർത്താവ് തന്‍റെ സമൂഹ മാധ്യമ സുഹൃത്തുക്കൾക്ക് നിർബന്ധിച്ച്​ കൈമാറിയെന്നായിരുന്നു​ യുവതിയുടെ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തിൽ അഞ്ച്​ കേസ്​ രജിസ്റ്റർ ചെയ്ത കറുകച്ചാൽ പൊലീസ് കങ്ങഴ സ്വദേശിയായ ഇവരുടെ ഭർത്താവടക്കം അഞ്ചുപേരെ അറസ്റ്റ്​ ചെയ്യുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപയോഗിച്ചവരാണ്​ ​പിടിയിലായ മറ്റുള്ളവർ. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പ്രേരണ കുറ്റങ്ങളാണ്​ പ്രതികൾക്കെതി​രെ ചുമത്തിയിരിക്കുന്നത്​. തെളിവെടുപ്പിനുശേഷം പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. 'കപ്പിൾ മീറ്റ്അപ് കേരള', 'മീറ്റപ്' ഗ്രൂപ്പുകൾ വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നതെന്നും പൊലീസ്​ കണ്ടെത്തി.

പരാതിക്കാരിയായ യുവതിയും ഭർത്താവും അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്​ വിവാഹിതരായത്​. ആദ്യകുട്ടിക്ക് മൂന്ന് വയസ്സ്​ തികയുംവരെ ഭര്‍ത്താവില്‍നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നില്ല.

എന്നാല്‍, ദുബൈയിലായിരുന്ന ഭര്‍ത്താവ്​ തിരിച്ചുവന്ന ശേഷം സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായി. കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് (പങ്കാളികളെ പങ്കുവെക്കല്‍) ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നെന്നും യുവതി പറയുന്നു. തുടര്‍ന്ന്​ ഇത്തരം സംഘത്തോടു ചേര്‍ന്ന്​ പ്രവര്‍ത്തിക്കാൻ നിർബന്ധിച്ചു.

സമ്മതിച്ചില്ലെങ്കില്‍ കുടുംബക്കാരുടെയും തന്‍റെയും പേര് എഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. നിര്‍ബന്ധത്തിന് വഴങ്ങി പലവട്ടം പ്രകൃതിവിരുദ്ധ പീഡനം നേരിടേണ്ടിവന്നു. തന്നെ മറ്റൊരാളുടെ ഒപ്പം അയച്ചെങ്കില്‍ മാത്രമേ അയാളുടെ പങ്കാളിയെ ഭര്‍ത്താവിന് ലഭിക്കൂ. അതിനാൽ വലിയതോതിൽ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. അല്ലെങ്കില്‍ പണം നൽകേണ്ടിവരുമെന്നും യുവതി പറയുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ്​ സംഘത്തിന്‍റെ പ്രവർത്തനമെന്ന്​ പൊലീസ്​ കണ്ടെത്തി. സംഘത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുള്ളവരും പ്രവാസികളും അംഗങ്ങളാണ്​. ഡോക്ടര്‍മാർ, അഭിഭാഷകർ ഉൾപ്പെടെ നിരവധിപേർ സംഘത്തിൽ സജീവമാണ്​. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ്​ ഭൂരിഭാഗം സ്ത്രീക​ളെയും സംഘം ഉപയോഗിച്ചിരുന്നത്​. സ്വന്തം ഇഷ്ടപ്രകാരം സ്വാപ്പിങ്ങിന് എത്തുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പങ്കാളിയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണം തട്ടിയെടുക്കുന്നവരും സംഘത്തിലുണ്ടെന്ന്​ പൊലീസ്​ പറയുന്നു.

നിലവിൽ 25 പേർ കറുകച്ചാല്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്​. യുവതിയുടെ പരാതിയിലാണ്​ നിലവിൽ അന്വേഷണമെന്നും പരാതികൾക്കനുസരിച്ച്​ കൂടുതൽ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്​.പി ആർ. ശ്രീകുമാർ പറഞ്ഞു. പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപക അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    
News Summary - Exchange of partners: The young woman who lodged a complaint against her husband revealed the information on the YouTube channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.