രാജ്യത്തിന്റെ പരമ്പരാഗത വികസനത്തിന് പ്രാധാന്യം നൽകാതെ വിദേശ നിക്ഷേപത്തിന് അനുമതി നൽകുന്നത് ആശാവഹമല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി

ന്യൂ ഡൽഹി: ഇന്ത്യാ രാജ്യത്തിൻ്റെ പരമ്പരാഗത വികസനങ്ങൾക്ക് പ്രാധാന്യം നൽകാതെ വിദേശ നിക്ഷേപങ്ങൾക്ക് വലിയ തോതിൽ വാതിൽ തുറക്കുന്നത് ആശാവഹമല്ലെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി.

ഇന്ത്യയിൽ വിദേശ നിക്ഷേപം കൊണ്ടുവരണമെന്നത് എല്ലാവർക്കും താൽപ്പര്യമുള്ള കാര്യമാണ്. അതേ സമയം, വളർന്നു വരുന്ന പരമ്പരാഗതവും നൂതനവുമായ വികസന സ്വപ്നങ്ങൾ ബലി കൊടുത്ത് വിദേശ നിക്ഷേപങ്ങളെ സ്വീകരിക്കുന്നതിൽ അർത്ഥമില്ലെന്നും ഇ.ടി വ്യക്തമാക്കി.

എണ്ണ നിക്ഷേപ രംഗത്ത് ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണ്. അത്‌ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യവുമാണ്. പക്ഷെ ഇന്ത്യക്ക് അകത്തു തന്നെയുള്ള സാധ്യതകൾ ഗൗരവമായിട്ട് ഉപയോഗപ്പെടുത്താതെ ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇത്തരം എണ്ണ കമ്പനികളെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള നിക്ഷേപങ്ങൾക്ക് വേണ്ടി വാതിലുകൾ തുറന്നിട്ട്‌ കൊടുക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ പഠിക്കേണ്ടതും തിരുത്തേണ്ടതുമാണ്.

ലോകത്തെ എനർജി ഉൽപാദനത്തെ സംബന്ധിച്ച് മത്സരം നടക്കുന്ന കാലഘട്ടമാണിത്. ഈ മത്സരങ്ങളെ നേരിടാനുള്ള മാർഗങ്ങൾ ആരായുമ്പോൾ നമ്മുടെ മുൻപിലുള്ള പ്രധാനമായ കാര്യം ഇതിലെ എനർജി ലഭ്യതയും സുരക്ഷിതത്വവുമാണ്. അത്തരം കാര്യങ്ങളിലേക്ക് ഗവണ്മെന്റ് പോകുന്നത് അനിവാര്യമാണ്. അത്‌ കൂടാതെ ഈ രംഗത്ത് ഒട്ടനവധി പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങൾ പാരിസ്ഥിതികമാണ്. ഓയിൽ കമ്പനികളിൽ നിന്ന് പുറത്ത് വരുന്ന ലീകേജ്, വായു മലിനീകരണം, ജല മലിനീകരണം എന്നിവയെല്ലാം ഗൗരവമായിട്ട് കാണണ്ടേതാണ്. എണ്ണ കമ്പനികൾ പ്രവർത്തിക്കുന്ന മേഖലയുടെ അടുത്ത് താമസിക്കുന്ന ജനങ്ങളുടെയും തൊഴിലാളികളുടെയും ആരോഗ്യ പ്രശ്നങ്ങൾ ഗൗരവ പൂർവം പരിഗണിക്കേണ്ട കാര്യമാണ്. ഭൂമി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായി കൊണ്ടിരിക്കുന്നു. പരിസര പ്രദേശത്തെ ജനങ്ങൾക്ക് ആ കാര്യത്തിൽ തർക്കങ്ങളും ആശങ്കകളുമുണ്ട്.

അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഏത് പുതിയ പദ്ധതി വരുമ്പോഴും അവിടെ നിന്ന് കുടിയൊഴിപ്പിക്കേണ്ടി വരുന്ന മനുഷ്യർക്ക് നീതി ലഭിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ വ്യവസായിക രംഗത്ത് വളരെ ഉയർന്നു വരുന്ന ഒരു പ്രശ്നമാണ് മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്നം. ഓരോ സ്ഥാപനങ്ങൾ വരുന്ന സമയത്തും അതിന്റെ മാലിന്യ നിർമാർജ്ജന നടപടികൾ കൂടെ മുൻകൂട്ടി കാണേണ്ടതുണ്ട്. സ്വയം പര്യാപ്തമായ രാജ്യം എന്ന് പറയുമ്പോഴും ഇത്തരം മേഖലകളിൽ ശ്രദ്ധിക്കാതെ കൂടുതൽ നിക്ഷേപങ്ങൾ പുറത്ത് നിന്നും വരട്ടെ എന്ന നിഗമനം ഇന്ത്യൻ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും ഇ.ടി പാർലമെന്റിൽ പറഞ്ഞു.

Tags:    
News Summary - ET Muhammad Basheer MP On foreign investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.