പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി: നഷ്ടപരിഹാരമായി പണം നൽകണമെന്ന വാദത്തിൽ ഡിവിഷൻ ബെഞ്ചിന് സംശയം

കോഴിക്കോട്: വയനാട് മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരമായി പണം നൽകണമെന്ന ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ വാദത്തിൽ ഡിവിഷൻ ബെഞ്ചിന് സംശയം. ഹാരിസണിന്റെ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു സിവിൽ തർക്കം നിലനിൽക്കുന്നുണ്ട്. സിവിൽ കേസ് പിൻവലിക്കാൻ സർക്കാർ തയാറുണ്ടോ എന്നും കോടതി ചോദിച്ചു.

സിവിൽ കേസ് പിൻവലിക്കാനാവില്ലെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. പിന്നെ എങ്ങനെ നഷ്ടപരിഹാരമായി പണം നൽകുമെന്നായി കോടതി. ഈ സാഹചര്യത്തിൽ സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്കു നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഹാരിസൺസിന് വേണ്ടി ഹാജരായ വക്കീൽ സംസ്ഥാനത്ത് പതിനായിരകണക്കിന് ഏക്കർ ഭൂമിയുണ്ടെന്നും അത് സെക്യൂരിറ്റിയാണെന്നും വാദിച്ചു. അതെല്ലാം സിവിൽകേസ് നിലവിലുള്ള എസ്റ്റേറ്റ് ഭൂമിയാണ്. ഈ വാദം കോടതി അംഗീകരിച്ചില്ല.

പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായിരിക്കും ടൗൺഷിപ്പ് നിർമിക്കുക എന്ന മന്ത്രിസഭ തീരുമാനവും സർക്കാർ കോടതിയെ അറിയിച്ചു. പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈകോടതി വ്യക്തമാക്കി. അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈകോടതി, നിയമ പ്രശ്നത്തിൽ വാദം കേൾക്കാമെന്ന് അറിയിക്കുകയായിരുന്നു.

എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന സിങ്കിൾ ബെ‍‍ഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തില്ല. സിങ്കിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹാരിസൺ മലയാളം ലിമിറ്റഡ് അപ്പീൽ നൽകിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവർ ഫയലിൽ സ്വീകരിച്ചു. എന്നാൽ, പുനരധിവാസ പ്രവർത്തനങ്ങൾ തടസപ്പെടാൻ പാടില്ലെന്നു വ്യക്തമാക്കി ഇടക്കാല ഉത്തരവ് ഇറക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു. കേസ് വീണ്ടും മാർച്ച് 13ന് പരിഗണിക്കും.

മൂന്നാം കക്ഷിയെ കേസിൽ കക്ഷി ചേർക്കുന്നതിനെയും സർക്കാർ എതിർത്തു. അത് ഹൈകോടതിയുടെ പരിമാധികാരമാണെന്ന് ജഡ്ജി സർക്കാർ അഭിഭാഷകനെ അറിയിച്ചു. സർക്കാർ ഭൂമി സർക്കാർ വില കൊടുത്ത് ഏറ്റെടുക്കണമോ എന്ന റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചോദ്യം തന്നെയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചും ഉന്നയിച്ചത്. സർക്കാർ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം  പണം നൽകിയ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു ജസ്റ്റിസ് കൗസർ എടപ്പകത്തിന്റെ സിംഗ്ൾ ബെഞ്ചിന്‍റെ നേരത്തെയുള്ള ഉത്തരവ്. 

Tags:    
News Summary - Estate land for rehabilitation: Division bench doubts claim of payment as compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.