കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂനിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു. പ്രൊഡക്ട്സ് ഡയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിർവഹിച്ചു.
ചതുപ്പു നിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിറുത്തിക്കൊണ്ട് തന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്റെ തെളിവാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഉന്നതനിലവാരത്തിലുള്ള പാലുല്‍പ്പന്നങ്ങളും അതിന്റെ ഗുണമേന്മയും ഉറപ്പാക്കാനായുള്ള സംവിധാനമാണ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും, ഇടപ്പള്ളി പ്ലാന്റിന്റെ നവീകരണവുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിംഗ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് സ്‌കീമില്‍ നിന്നുള്ള 9.2 കോടി രൂപയുടെ വായ്പയും, മേഖലാ യൂനിയന്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ഡയറി കോമ്പൗണ്ടിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ലോട്ടിങ് സോളാര്‍ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജീകരിച്ച 102 കിലോ വാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാര്‍ പാനലുകള്‍ എന്നീ രീതിയിലാണ് സോളാര്‍ പ്ലാന്റ് ക്രമീകരണം.
മില്‍മയുടെ സരോര്‍ജ്ജ നിലയം പ്രതിവര്‍ഷം 2.9 ദശലക്ഷം യൂനിറ്റുകള്‍ (ജി.ഡബ്ല്യു.എച്ച്) ഹരിതോർജം ഉല്‍പ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവര്‍ഷം 1.94 കോടി രൂപ ഊർജ ചെലവ് ഇനത്തില്‍ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്ലാന്റ് വഴി ഓരോ വര്‍ഷവും ഏകദേശം 2,400 മെട്രിക് ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളലാണ് കുറക്കുന്നത്. ഇത് ഏകദേശം ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യമാണ്. പകല്‍ സമയങ്ങളില്‍ ഡെയറിയുടെ മുഴുന്‍ ഊര്‍ജ ആവശ്യകതയും നിറവേറ്റുകയും ഡിസ്‌കോമിന്റെ കൈവശമുള്ള മിച്ച ഊർജം പീക്ക്, ഓഫ് പീക്ക് സമയങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.