മൗനംപാലിച്ച് കരുതലോടെ ഇ.പി

കണ്ണൂർ: അനധികൃത സ്വത്തുസമ്പാദന വിവാദം നാലാം നാളിലേക്ക് കടന്നിട്ടും വിവാദങ്ങളിൽനിന്ന് അകലംപാലിച്ച് കരുതലോടെ ഇ.പി. ജയരാജൻ. ഏറെ നാളുകൾക്കുശേഷം പൊതുചടങ്ങിനെത്തിയ ഇ.പി. ജയരാജനോട് ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ പിന്നാലെ കൂടിയിട്ടും പ്രതികരിക്കാൻ തയാറായില്ല. എല്ലാ ചോദ്യങ്ങളോടും പുഞ്ചിരിയിൽ ഒളിപ്പിച്ച മൗനമായിരുന്നു മറുപടി.

സി.പി.എം സംസ്ഥാനസമിതിയിൽ എൽ.ഡി.എഫ് കൺവീനർ കൂടിയായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്തുസമ്പാദന ആരോപണമുന്നയിച്ച പി. ജയരാജൻ രണ്ടുതവണ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കെയാണ് ഇ.പി. ജയരാജന്റെ മൗനം. ചൊവ്വാഴ്ച കെ.എസ്.ടി.എ മാടായി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനാണ് ഇ.പി. ജയരാജൻ എത്തിയത്.

വേദിയിലേക്ക് എത്തുന്ന അദ്ദേഹത്തിനൊപ്പം റിസോർട്ട് വിവാദത്തിൽ പ്രതികരണം തേടി മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. ഉദ്ഘാടന പ്രസംഗത്തിലെങ്കിലും എന്തെങ്കിലും പറയുമോയെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും ഒന്നും സംഭവിക്കാത്ത രീതിയിലായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സി.പി.എം സംസ്ഥാന സമിതിയിലെ വിവാദങ്ങൾ പുറത്തുവന്ന ശനിയാഴ്ചതന്നെ പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാർട്ടിക്കകത്ത് തെറ്റായ പ്രവണതകൾക്കെതിരായ ഉൾപാർട്ടി സമരം സ്വാഭാവികമായും നടക്കുമെന്നാണ് പി. ജയരാജന്റെ മുനവെച്ചുള്ള ആദ്യപ്രതികരണം. തുടർന്ന് കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിലും ‘പാർട്ടിയുടെ സ്വത്വത്തിൽനിന്ന് വ്യതിചലിച്ചാൽ ചൂണ്ടിക്കാട്ടു’മെന്ന നിലപാട് പി. ജയരാജൻ ആവർത്തിച്ചു. വിവാദം കത്തിയപ്പോൾ റിസോർട്ടിന്റെ സി.ഇ.ഒ മാത്രമാണ് ഇ.പി. ജയരാജനെ പ്രതിരോധിക്കാൻ രംഗത്തുവന്നത്. ഇ.പി. ജയരാജന് റിസോർട്ടുമായി ബന്ധമില്ലെന്നും ഭാര്യക്കും മകനും മാത്രമാണ് നിക്ഷേപമുള്ളതെന്നുമായിരുന്നു സി.ഇ.ഒയുടെ വിശദീകരണം.

Tags:    
News Summary - EP with silence and care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.