പി. ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ നാളിതുവരെ മൗനം പാലിച്ച ഇ.പി ജയരാജൻ വെള്ളിയാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കും. തന്നെ പ്രതിക്കൂട്ടിൽ നിർത്തി മാധ്യമ വിചാരണക്ക് അവസരം സൃഷ്ടിച്ച പി. ജയരാജനും അനുകൂലികൾക്കും കൃത്യമായ മറുപടി നൽകാനുള്ള ഒരുക്കത്തിലാണെന്നറിയുന്നു.
ഇന്നലെ ഡൽഹിയിലെത്തിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞതോടെ, പ്രത്യക്ഷ വിമർശനത്തിനുളള സാധ്യതയാണ് തള്ളിയാണ്. ഇതേ കുറിച്ച് കൃത്യമായി ബോധ്യമുള്ളതിനാലാണ് ഇന്നലെ രാത്രി കണ്ണൂരിൽ അനുകൂലികൾ ഉയർത്തിയ ബോർഡ് എടുത്ത് മാറ്റാൻ മണിക്കൂറുകൾക്കകം പി. ജയരാജൻ നിർദേശം നൽകിയത്.
പാർട്ടി ജില്ല സെക്രട്ടറിയായിരിക്കെ ഈ വിഷയത്തിൽ മൗനം പാലിച്ച പി. ജയരാജൻ ചില താൽപര്യസംരക്ഷണത്തിന്റെ ഭാഗമാണിപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്ന് ഇ.പി അനുകുലികൾ കുറ്റപ്പെടുത്തുന്നു. വിവാദങ്ങളെല്ലാം ജനങ്ങൾക്ക് വിടുന്നുവെന്നാണ് ഇ.പി ജയരാജൻ പറയുന്നത്. എന്നാൽ, പാർട്ടിക്കുവേണ്ടി ഇ.പിയുടെ നേതൃത്വത്തിൽ നടത്തിയ നിർമ്മാണ പ്രവൃത്തികൾ ചൂണ്ടികാണിച്ചാണ് അനുകൂലികൾ രംഗത്തുവരുന്നത്. വൈദേകം ആയുർവേദ റിസോർട്ട് മാത്രമല്ല, പ്രകൃതി ചൂഷണം നടത്തി നിർമ്മിച്ചതെന്നാണ് വാദം. പാപ്പിനിശ്ശേരിയലെ വിസ്മയ അമ്യൂസ് മെൻറ് പാർക്ക്, പാപ്പിനിശ്ശേരി ഹോമിയോ ഹോസ്പിറ്റൽ, കണ്ടൽ പാർക്ക്, പരിയാരത്തെ നിർമ്മാണ ഫാക്ടറി തുടങ്ങിയവ ഉദാഹരണമായി പറയുന്നു.
പയ്യന്നൂരിൽ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സി.പി.എം സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമെന്ന സൂചന ഇ.പി ജയരാജൻ നൽകിയത്. തിരുവനന്തപുരത്ത് പോകുന്നതിൽ തനിക്ക് എന്താണ് പ്രശ്‌നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.