ആലപ്പുഴ: പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ (86) അന്തരിച്ചു. ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, ചിത്രകല അധ്യാപകൻ, പരിസ്ഥിതി സംരക്ഷകൻ, ഹിപ്നോട്ടിസം പരിശീലകൻ, മനഃശാസ്ത്ര കൗൺസിലർ, മനുഷ്യാവകാശ പ്രവർത്തകൻ, പ്രാസംഗികൻ, കർഷകൻ, സംഘാടകൻ തുടങ്ങിയ മേഖലകളിൽ അര നൂറ്റാണ്ടിലേറെക്കാലം സജീവമായിരുന്നു.
സ്വവസതിയായ ആലപ്പുഴ കളർകോട് ചിത്രയാലയത്തിൽ ചൊവ്വാഴ്ച 3.30 വരെ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജിൽ ശാസ്ത്ര പഠനങ്ങൾക്ക് സമർപ്പിക്കും.
ശബ്ദമലിനീകരണത്തിനെതിരെ ജില്ല കോടതി മുതൽ സുപ്രീംകോടതി വരെ പോരാടിയാണ് അനുകൂല വിധി സമ്പാദിച്ചത്. ലൗഡ് സ്പീക്കർ (കോളാമ്പി) രാജ്യവ്യാപകമായി നിരോധിക്കുന്നതിലേക്ക് നയിച്ചത് ഈ നിയമപോരാട്ടത്തിലൂടെയാണ്.
കേരള ലളിത കലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പർ, കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി, മനുഷ്യാവകാശ സഹായ സമിതി സംസ്ഥാന പ്രസിഡന്റ്, ശബ്ദമലിനീകരണ നിവാരണ സമിതി സ്ഥാപകൻ-സംസ്ഥാന പ്രസിഡന്റ്, കാർട്ടൂണിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
രാമങ്കരി വേഴപ്ര പുത്തൻ കളത്തിൽ പത്മനാഭന്റെയും ഗൗരിയുടെയും മകനാണ്. വിദ്യാഭ്യാസത്തിനുശേഷം പറവൂർ ഗവ. ഹൈസ്കൂളിലും വേഴപ്ര ഗവ. ഹൈസ്കൂളിലും ചിത്രകലാ അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിലെ റിട്ട. നഴ്സിങ് സുപ്രണ്ട് കെ. സുമതിയമ്മയാണ് ഭാര്യ. മക്കൾ: രേഖ സി.എസ്, ഡോ. ചിത്ര സി.എസ് (പ്രിൻസിപ്പൽ, ശാന്തിനികേതൻ ബി.എഡ് കോളജ്, ബംഗളൂരു). മരുമക്കൾ: ഡോ. കെ.എ. സുനിൽ, കെ.ബി. ഉണ്ണികൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.