തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തിയതോടെ റാങ്ക് പട്ടികയിൽ മേൽകൈ തിരിച്ചുപിടിച്ച് കേരള സിലബസ് വിദ്യാർഥികൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സി.ബി.എസ്.ഇ വിദ്യാർഥികൾക്കായിരുന്നു മുൻ നിര റാങ്കുകളിൽ മേൽകോയ്മ. ഇത്തവണ ആദ്യ 100 റാങ്കിൽ 48 പേർ കേരള സിലബസിൽ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയവരാണ്.
കഴിഞ്ഞ വർഷം 21 പേരാണ് ആദ്യ 100 റാങ്കിൽ ഇടംപിടിച്ചത്. കഴിഞ്ഞ തവണ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച 79 പേരാണ് ആദ്യ 100 ഉൾപ്പെട്ടതെങ്കിൽ, ഇത്തവണ 47 ആയി കുറഞ്ഞു. ആദ്യ 5000 റാങ്കിലും കേരള സിലബസ് വിദ്യാർഥികളാണ് മുന്നിൽ. 2,721 പേർ കേരള സിലബസിലുള്ളവരാണ്. കഴിഞ്ഞ വർഷം 1796 പേർ ആയിരുന്നു. സി.ബി.എസ്.ഇ സിലബസിലുള്ളവർ ഇത്തവണ 2079 ആണ്. കഴിഞ്ഞ വർഷം 2960 ആയിരുന്നു. 67,505 പേർ ഉൾപ്പെട്ട റാങ്ക് പട്ടികയിൽ 44,921 പേർ കേരള സിലബസിലുള്ളവരും 18,482 പേർ സി.ബി.എസ്.ഇ സിലബസിലുള്ളവരുമാണ്. 1404 പേർ ഐ.സി.എസ്.ഇ സിലബസിൽ പ്ലസ് ടു വിജയിച്ചവരാണ്.
ഇത്തവണ ഒന്നും രണ്ടും റാങ്ക് നേടിയ വിദ്യാർഥികൾ കേരള സിലബസിൽ പഠിച്ചാണ് പ്ലസ് ടു പാസായത്. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്കും തുല്യഅനുപാതത്തിൽ (50:50) പരിഗണിച്ചുള്ള സമീകരണ പ്രക്രിയയിലൂടെയാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. കഴിഞ്ഞ വർഷം വരെ പിന്തുടർന്ന രീതിയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് സമീകരണ പ്രക്രിയ നടത്തുമ്പോൾ പ്ലസ് ടു മാർക്ക് കുറയുന്ന രീതിയായിരുന്നു.
ഇത് പരിഹരിക്കാൻ സമീകരണ പ്രക്രിയയിൽ മാറ്റംവരുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വരുത്തിയ മാറ്റം ഹൈകോടതി റദ്ദാക്കുകയും ആദ്യം പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക അസാധുവാക്കുകയും ചെയ്തു. തുടർന്ന് പഴയ സമീകരണ രീതിയിൽതന്നെ പട്ടിക തയാറാക്കി. ഈ വർഷം പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ സമീകരണ പ്രക്രിയയിൽ മാറ്റം വരുത്തി ഉത്തരവിറക്കി. ഇതിനെ സി.ബി.എസ്.ഇ വിദ്യാർഥികൾ കോടതിയിൽ ചോദ്യം ചെയ്തെങ്കിലും സർക്കാർ നടപടി ശരിവെച്ചു. ഇതിനുശേഷമാണ് പുതിയ സമീകരണ പ്രക്രിയക്ക് ശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.