സ്വന്തം ലേഖകൻ
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയവരുടെ എണ്ണം കൂടിയിട്ടും റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷം 86549 പേരാണ് പരീക്ഷ എഴുതിയതെങ്കിൽ ഇത്തവണ 96747 പേർ പരീക്ഷ യെഴുതിയിരുന്നു. യോഗ്യത നേടിയവരുടെ എണ്ണത്തിലും ഇത്തവണ നേരിയ വർധനവുണ്ടായിരുന്നു. കഴിഞ്ഞ വർഷം 76230 പേർ യോഗ്യത നേടിയപ്പോൾ ഇത്തവണ 79788 പേരാണ് യോഗ്യരായത്.
എന്നാൽ, പ്ലസ് ടു മാർക്ക് കൂടി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ എണ്ണം ഇത്തവണ 65,438 ആണ്. കഴിഞ്ഞ വർഷം ഇത് 67,505 ആയിരുന്നു. റാങ്ക് പട്ടികയിൽ കുറഞ്ഞത് 2,067 പേർ. ഈ വർഷം പരീക്ഷ എഴുതിയവരിൽ 82.47 ശതമാനമാണ് യോഗ്യത നേടിയത്. എന്നാൽ, കഴിഞ്ഞ വർഷം പരീക്ഷയെഴുതിയവരിൽ 88.07 ശതമാനം യോഗ്യത നേടി.
വിജയത്തിൽ 6.40 ശതമാനം കുറവ്. യോഗ്യത നേടിയവരുടെ ശതമാനത്തിൽ കുറവുണ്ടായതിന് പുറമെ പ്ലസ് ടു മാർക്ക് സമർപ്പിച്ചവരുടെ എണ്ണം കുറഞ്ഞതും റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ എണ്ണത്തിൽ കുറവ് വരാനിടയാക്കി. പട്ടികയിൽ ഇടംപിടിക്കുന്നവരുടെ എണ്ണത്തിൽ വർധന വരുന്നത് എൻജിനീയറിങ് പ്രവേശനം നേടുന്നവരുടെ എണ്ണത്തിലും വർധനവിനിടയാക്കും.
2022 മുതൽ ഒഴിവ് വരുന്ന സീറ്റുകളിൽ പ്രവേശന പരീക്ഷായോഗ്യത നേടാതെ, പ്ലസ് ടു നിശ്ചിത ശതമാനം മാർക്കോടെ വിജയിച്ചവർക്കും പ്രവേശനം നൽകാൻ സ്വാശ്രയ മാനേജ്മെൻറുകൾക്ക് പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകുന്നുണ്ട്. ഇതുവഴി 2022 മുതൽ എൻജിനീയറിങ് പ്രവേശനത്തിൽ നേരിയ വർധന കണ്ടുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.