അഗളി: കോകോട്ടത്തറ, ഷോളയൂർ വില്ലേജുകളുടെ സർവേ ചെയ്തിട്ടില്ലാത്ത മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തി ഭൂമികളിലെ കൈയേറ്റവും അതി ക്രമവും നിർമാണ പ്രവർത്തനങ്ങളും മറ്റും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് അട്ടപ്പാടി ആദിവാസി ആക്ഷൻകൗൺസിൽ. തുണൈ അദാലത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ പി.വി. സുരേഷ് പരാതി നൽകി
1961-66 കാലത്ത് സർവേ നടന്നപ്പോൾ ഓരോ ഊരിനുചുറ്റുമുള്ള മലവാരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ കമ്മ്യൂണൽ ലാന്റ് അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി (കാലികളുടെ മേച്ചിൽപ്പുറങ്ങൾ, വനവിഭവ ശേഖരണം തുടങ്ങിയ മറ്റാവശ്യങ്ങൾക്ക്) ജന്മിയുടെ പേരിൽ തന്നെ സർവേ പതിവാക്കിരുന്നു. ഈ മുഴുവൻ ഭൂമികളും പണ്ടു കാലം മുതൽക്കുതന്നെ ആദിവാസികളുടെ കൊത്ത്കാട് കൃഷി ഭൂമികളായിരുന്നു. എന്നാൽ പിന്നീടത് പൊതു സാമൂഹ്യ ആവശ്യത്തിനുവേണ്ടി കൃഷി ചെയ്തിരുന്ന മുഴുവൻ ആദിവാസികളും വിട്ടുനൽകി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഭൂമിയാണ്.
കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലെ അൺസർവേ മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന മുഴുവൻ ഭൂമികളും 2006ലെ വനാവകാശ നിയമത്തിലെ സാമൂഹ്യ വനാവകാശ പരിധിയിലുൾപ്പെടുത്തി ഭൂരിഭാഗം ഭൂമികൾക്കും ബന്ധപ്പെട്ട അധികാരികൾ കമ്മ്യൂണിറ്റി റൈറ്റ് ടൈറ്റിൽ അനുവദിച്ചിട്ടുള്ളതുമാണ്. എന്നാൽ, ഇത്തരം പ്രദേശങ്ങളിൽ വ്യാജപട്ടയങ്ങളും അതിന്റെ അടിസ്ഥാനത്തിൽ വ്യാജരേഖകൾ ചമച്ച് വ്യപകമായി കുന്നുകൾ ഇടിച്ച് തോടുകളും, നീർച്ചാലുകളും നികത്തുകയാണ്.
ആനകളുടെയും മറ്റു വനവന്യജീവികളുടെ ആവാസമേ ഖലകളെല്ലാം തന്നെ ജെ.സി.ബി.യും ഹിറ്റാച്ചിയും മറ്റും ഉപയോഗിച്ച് വൻതോതിൽ മണ്ണ് ഖനനം നടത്തിയതിനുശേഷം റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി വൻകിട റിസോർട്ട് നിർമാണങ്ങളും കൈയേറ്റങ്ങളും നടക്കുന്നു. സർക്കാർ സംവിധാനം ഇതൊന്നും പരിശോധിക്കുന്നില്ല.
കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലെ അൺ സർവേ എന്ന് രേഖപ്പെടുത്തിയിട്ടുള്ള (സർവേ നമ്പർ- 524, 1275, 189 1871, 1474, 620 മുതലായവ) മുഴുവൻ ഭൂമികളുടെയും അടിയാധാരങ്ങൾ, പട്ടയം മുതൽക്കെ കർശനമായ പരിശോധനക്ക് വിധേയമാക്കണം.
ഈ വില്ലേജുകളിലെ അൺസർവേ മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തിയ ഭൂമികൾക്ക് ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ, റെയിഞ്ച് ഓഫീ സർ, ഡി.എഫ്.ഒ. എന്നിവർ നാളിതുവരെ നൽകിയിട്ടുള്ള മുഴുവൻ എൻ.ഒ.സി. കളും സുക്ഷ്മ പരിശോധിക്കണം.
ഈ വില്ലേജുകളിലെ അൺസർവേ മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തിയ ഭൂമികളിൽ നിലവിൽ നടക്കുന്ന വൻകിട കെട്ടിട നിർമാണങ്ങൾക്ക് ബന്ധപ്പെട്ട പഞ്ചായത്തുകൾ നിയമാനുസൃതമായിട്ടാണോ അനുമതി നൽകിയിട്ടുള്ള തെന്ന് പരിശോധിക്കണം.
ഈ വില്ലേജുകളിലെ അൺസർവേ മൂപ്പിൽ നായർ എന്ന് രേഖപ്പെടുത്തിയ ഭൂമികൾ കാർഷികാവശ്യങ്ങൾക്ക് അല്ലാതെ വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഭൂമിതരം മാറ്റി നൽകിയി ട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണം.
ഈ കാര്യങ്ങളിൽ അടിയന്തിരമായ അന്വേഷണം നടത്തി ഈ പ്രദേശത്തെ മുഴുവൻ കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും നിർത്തിവെച്ച് സമഗ്രമായ ഒരന്വേഷണം പാലക്കാട് കലക്‌ടറുടെ നേതൃത്വത്തിൽ തന്നെ നടത്തണമെന്ന് പരാതിയിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ പി.വി. സുരേഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.