പാലക്കാട്: വിഹിതം വർധിപ്പിക്കാതെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണയും കേന്ദ്രബജറ്റിൽ അവഗണന. ഇതോടെ പദ്ധതി നടത്തിപ്പ് വൻ പ്രതിസന്ധി നേരിടും. കഴിഞ്ഞ സാമ്പത്തിക വർഷം 86,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ഈ വർഷവും അതേ സംഖ്യ തന്നെയാണ് മാറ്റിവെച്ചത്. ഒരു രൂപ പോലും അധികം അനുവദിച്ചില്ല. പ്രതിദിനം 346 രൂപയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് കൂലി. പാലക്കാട് ജില്ലയിൽ ഡിസംബർ വരെയുള്ള കുടിശ്ശിക നൽകിയിട്ടുണ്ട്. കേന്ദ്രം പദ്ധതി രൂപരേഖ നൽകിയിട്ടില്ലാത്തതിനാൽ അടുത്ത ഗഡു ലഭിക്കാൻ മാർച്ച് വരെ കാത്തിരിക്കേണ്ടിവരും.
സംസ്ഥാനത്ത് 10 കോടി തൊഴിൽ ദിനങ്ങളുണ്ടായിരുന്നത് പദ്ധതിവിഹിതം കുറച്ചതോടെ 6.5 കോടിയായി കുറഞ്ഞു. തൊഴിലാളികളെ വെട്ടിക്കുറക്കുകയെന്ന ലക്ഷ്യത്തോടെ ജോബ് കാർഡുമായി ആധാർ ബന്ധിപ്പിക്കണമെന്ന നിയമം കൊണ്ടുവന്നതോടെ രാജ്യത്ത് എട്ടു കോടി പേർ പുറത്തായി. അപ്പോഴും സംസ്ഥാനത്ത് ഒരാൾപോലും പുറത്തായിരുന്നില്ല.
100 ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് സംസ്ഥാന സർക്കാർ ഓണത്തോടനുബന്ധിച്ച് 1000 രൂപ അലവൻസ് നൽകാറുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞവർഷം ഇത് ലഭിച്ചത് 4000 പേർക്കു മാത്രമാണ്. അതിൽ പാലക്കാട് ജില്ലയിൽനിന്ന് 1000 പേർ ഉൾപ്പെട്ടു. എന്നാൽ, ഇത്തവണ സാമ്പത്തികവർഷം അവസാനിക്കാറായിട്ടും ജില്ലയിൽ 500 പേർക്കുപോലും 100 ദിനങ്ങൾ തികക്കാൻ സാധിച്ചിട്ടില്ല. 1.5 ലക്ഷം തൊഴിൽകാർഡുള്ളവർ ജില്ലയിലുണ്ടെന്നിരിക്കെയാണ് ഈ അവസ്ഥ. 100 തൊഴിൽദിനങ്ങളെങ്കിലും ലഭിക്കേണ്ടിടത്ത് പദ്ധതിവിഹിതം വെട്ടിക്കുറച്ചതോടെ കഴിഞ്ഞവർഷം മുതൽ പാലക്കാട് ജില്ലയിൽ ശരാശരി 58 തൊഴിൽദിനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ജില്ലയിലാകെ കഴിഞ്ഞവർഷം 85 ലക്ഷം തൊഴിൽദിനങ്ങളാണ് ലഭിച്ചതെങ്കിൽ ഈ വർഷം അത് 60 ലക്ഷമായി ചുരുങ്ങി.
സംസ്ഥാനത്ത് ശരാശരി കൂലി 700 രൂപയാണെന്നിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് 346 രൂപ ലഭിക്കുന്നത്. മിനിമം കൂലി 600 രൂപയാക്കുക, വർഷം 200 തൊഴിൽദിനങ്ങൾ അനുവദിക്കുക തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഹാജർ നൽകുന്ന രീതി തൊഴിലാളികളെ ബുദ്ധിമുട്ടിപ്പിക്കുന്നതാണ്. പദ്ധതിക്കുള്ള ബജറ്റ് വിഹിതം കൂട്ടിയാൽ മാത്രമേ കൂലിയും തൊഴിൽദിനങ്ങളും വർധിക്കൂ. കേന്ദ്ര അവഗണനയിൽ പദ്ധതി നിലച്ചുപോകുമോയെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്.
എം.ജി.എൻ.ആർ.ഇ.ജി.എസിന്റെ വെബ്സൈറ്റിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 58.41 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ഇതിൽ 25 ലക്ഷമാണ് സജീവം. 40 ലക്ഷത്തോളം പേർക്ക് ജോബ് കാർഡ് അനുവദിച്ചതിൽ 21 ലക്ഷത്തോളം കാർഡുകളാണ് സജീവമായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിക്കായി സംസ്ഥാനത്ത് 600 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കാണ് അംഗീകാരം ലഭിച്ചത്. 2023-24 വർഷം 1050 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചിരുന്നു. 450 ലക്ഷത്തോളം കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.