ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികൾ തട്ടിയത് 66 ലക്ഷം രൂപ; പണം ചെലവഴിച്ചത് വാഹനവും ആഭരണങ്ങളും വാങ്ങിക്കാൻ

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പ് കേസിൽ ക്രെം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്നാണ് 66 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. കേസില്‍ മൂന്നുജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭർത്താവുമാണ് പ്രതികൾ. തട്ടിയെടുത്ത പണം കൊണ്ട് സ്വര്‍ണവും വാഹനങ്ങളും വാങ്ങിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദിയകൃഷ്‌ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വര്‍ണവും സ്കൂട്ടറും വാങ്ങി. ബാക്കി പണം ഉപയോഗിച്ച് ആഡംബരജീവിതവും നയിച്ചു. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടതോടെ വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും ക്രൈബ്രാഞ്ച് പ്രതി ചേർക്കുകയായിരുന്നു.

രണ്ടു വർഷം കൊണ്ടാണ് 66 ലക്ഷം രൂപ തട്ടിയെടുത്തത്. ഓ ബൈ ഓസി എന്ന ബൊട്ടീക്കിലെ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച് കൃഷ്ണകുമാർ തിരുവനന്തപുരം അസി. കമീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ജീവനക്കാരികൾ കൃഷ്ണകുമാറിനെതിരെയും ദിയ കൃഷ്ണക്കെതിരെയും കേസ് നൽകുകയായിരുന്നു. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ജീവനക്കാരികൾ നൽകിയ പരാതിയിൽ പറയുന്നത്. ഈ കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണ്.

ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന ബൊട്ടീക്കിന്റെ പേരിൽ വ്യാജ ക്യു.ആർ കോഡ് വഴി പണം തട്ടുന്നുണ്ടെന്നും തട്ടിപ്പിനിരയായാൽ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ദിയ കൃഷ്ണ നേരത്തെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. വ്യാജ ക്യൂആർ കോഡിൽ പണം നൽകിയെന്ന് നിരവധി പേർ സമീപിച്ചതോടെയാണ് തട്ടിപ്പ് മനസ്സിലായതെന്ന് ദിയ പറയുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിലെ ജീവനക്കാരികളാണ് അവരുടെ പേയ്മെന്റ് ക്യൂആർ കോഡുകൾ കസ്റ്റമേഴ്സിന് നൽകി പണം തട്ടിയതെന്ന് മനസിലാക്കിയെതന്ന് ദിയ കൃഷ്ണ പറഞ്ഞു. 

Tags:    
News Summary - Employees embezzled Rs 66 lakh from Diya Krishna's firm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.