'ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് അറിയില്ല'; പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെ.എസ്.ഇ.ബി താല്‍ക്കാലിക ജീവനക്കാരന്‍ മരിച്ചതായി പരാതി

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയില്‍ കെ.എസ്.ഇ.ബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. അമ്പൂരി സ്വദേശി സന്തോഷാണ് (46) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ സന്തോഷിനെ സഹപ്രവര്‍ത്തകർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലായിരുന്നുവെന്നും ഓക്‌സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്നും സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.

ഈ സമീപ കാലത്താണ് പാറശാല താലൂക്ക് ആശുപത്രിയിയുടെ ഉദ്ഘാടനം നടന്നത്. തിരക്കിട് ഉദ്ഘാടനം നടത്തിയെങ്കിലും ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാറില്ലെന്നും രോഗിയുടെ കൂടെയുള്ളവർ ആരോപിക്കുന്നു. വൈകിട്ട് 5 മണിക്കാണ് കുഴഞ്ഞുവീണ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തരമായി ചികിത്സ നല്‍കിയില്ലെന്നും ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കാന്‍ പോലും ജീവനക്കാര്‍ക്ക് അറിയില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സന്തോഷിന്റെ മരണം സംഭവിച്ചു. ഇതേ തുടർന്ന് ആശുപത്രിക്ക് മുന്നിൽ സന്തോഷിന്റെ സഹപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ആശുപത്രിയില്‍നിന്ന് 100 മീറ്റര്‍ അകലെയാണ് 46 വയസുകാരനായ സന്തോഷ് കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്നത്. ജോലിക്കിടെ ഇയാള്‍ കുഴഞ്ഞുവീഴുകയും ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്തോഷിന് ജീവനുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു. 48 കോടിയാണ് പാറശാല താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നാണ് ഈ തുക ചെലവഴിച്ചത്. മതിയായ സേവനങ്ങള്‍ ഉറപ്പുവരുത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പാറശാല ഇൻസ്പെക്ടർ സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. 

Tags:    
News Summary - 'There are no doctors in the emergency department, and the staff do not know how to fit an oxygen mask'; Complaint that a KSIB temporary employee died without receiving treatment at Parasala Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.