പി.കെ. ശ്യാമള, ടി.കെ. ഗോവിന്ദൻ
കണ്ണൂർ: പാർട്ടിഗ്രാമങ്ങളായ ആന്തൂരും മലപ്പട്ടവും ഉൾപ്പെടുന്ന തളിപ്പറമ്പ് മണ്ഡലത്തിൽ ഇത്തവണ എന്ത് സംഭവിക്കുമെന്ന് ആർക്കും എളുപ്പം പ്രവചിക്കാനാവില്ല. അടിയൊഴുക്കും നിഷേധ വോട്ടുകളും എല്ലാം മണ്ഡലത്തിന്റെ ഭാവിതന്നെ നിർണയിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടിൽ ഭാര്യയും ജില്ല കമ്മിറ്റിയംഗവുമായ പി.കെ. ശ്യാമളയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഇവരെ നിശ്ചയിച്ചതുമുതൽ മണ്ഡലത്തിൽ പുകഞ്ഞ അതൃപ്തിയിൽനിന്നാണ് ആറു പതിറ്റാണ്ട് കാലത്തെ സി.പി.എം ബന്ധം മുറിച്ച് യു.ഡി.എഫ് സ്ഥാനാർഥിയായി ടി.കെ. ഗോവിന്ദന്റെ അരങ്ങേറ്റം. ഔദ്യോഗിക സ്ഥാനാർഥിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണമുന്നയിച്ചാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്വവും ഹാൻവീവ് ചെയർമാൻ സ്ഥാനവും ഇദ്ദേഹം വലിച്ചെറിഞ്ഞത്. അഞ്ചു പതിറ്റാണ്ടായി ഇടതുപക്ഷത്തോടൊപ്പമാണ് മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുനിലയിലുണ്ടായ മാറ്റമാണ് യു.ഡി.എഫിന് നേരിയ പ്രതീക്ഷയുണ്ടാക്കിയത്.
2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയിംസ് മാത്യു നേടിയ 40,617 എന്ന ഭൂരിപക്ഷം 2021ൽ ലഭിച്ചില്ല. എം.വി. ഗോവിന്ദന് 22,689 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.പി. അബ്ദുൽ റഷീദായിരുന്നു എതിർസ്ഥാനാർഥി.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ. സുധാകരന് 8787 വോട്ടിന്റെ ഭൂരിപക്ഷമാണ് തളിപ്പറമ്പ് സമ്മാനിച്ചത്. 2025ലെ തദ്ദേശതെരഞ്ഞെടുപ്പിൽ 8189 വോട്ടിന്റെ ലീഡ് എൽ.ഡി.എഫിന്. പാർട്ടിക്കോട്ടയിലെ ഈമാറ്റം യു.ഡി.എഫ് നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് ടി.കെ. ഗോവിന്ദൻ സി.പി.എം വിടുന്നത്. ഇത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ഇദ്ദേഹത്തെ പിന്തുണക്കാൻ തീരുമാനിച്ചത്.
അഭിമാന പോരാട്ടമെന്ന നിലക്ക് രണ്ടും കൽപ്പിച്ചാണ് സി.പി.എമ്മും പ്രവർത്തിക്കുന്നത്. ടി.കെ. ഗോവിന്ദൻ അധികാരമോഹിയും ഇദ്ദേഹത്തിന് സീറ്റ് വേണമെന്ന് ഒരുകമ്മിറ്റിയിലും ഒരാളും പറഞ്ഞിട്ടില്ലെന്നും പാർട്ടി വിശദീകരിക്കുന്നു. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനു പിന്നിൽ സ്വജനപക്ഷപാതമില്ലെന്നും നേതാക്കൾ ആവർത്തിക്കുന്നു.
അതേസമയം, ടി.കെ. ഗോവിന്ദനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിനകത്ത് പ്രതിഷേധമുണ്ട്. കെ.പി.സി.സി അംഗമായിരുന്ന കൊയ്യം ജനാർദനൻ യു.ഡി.എഫ് വിമത സ്ഥാനാർഥിയായത് അങ്ങനെയാണ്. ബി.ജെ.പി കണ്ണൂർ ജില്ല മുൻ പ്രസിഡന്റ് എന്‍. ഹരിദാസാണ് എന്‍.ഡി.എ. സ്ഥാനാർഥി. കോൺഗ്രസ് വിമതൻ പിടിക്കുന്ന വോട്ടും മണ്ഡലത്തിൽ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.