വടക്കഞ്ചേരി: കിഴക്കഞ്ചേരി മലയോര മേഖലയിൽ കാട്ടാന ഭീഷണി നിത്യ സംഭവമായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന പരാതി വ്യാപകം. കണച്ചിപ്പരുത കുന്നേൽ എസ്റ്റേറ്റിൽ ശനിയാഴ്ച രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളി ഗോപാലകൃഷ്ണനാണ് കാട്ടാനകളെ കണ്ടത്. ഒരു കൊമ്പൻ ഉൾപ്പെടെ രണ്ട് ആനകളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.
ഉടൻ ടാപ്പിങ് സ്ഥലത്തേക്ക് വന്നുകൊണ്ടിരുന്ന അമ്മയെ വിളിച്ച് പറഞ്ഞതിനാൽ അമ്മ തിരികെ വീട്ടിലേക്ക് പോയി. ഈ വഴിയാണ് കാട്ടാനകൾ തിരിഞ്ഞ് പോയത്. ഈ സമയം ഗോപാലകൃഷ്ണൻ സമീപത്ത് മാറിനിന്ന് കാട്ടാനകളുടെ ചിത്രം പകർത്തുകയായിരുന്നു.
നിരന്തരം ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നതിനാൽ ഭീതിയോടെയാണ് പ്രദേശവാസികൾ പുറത്തിറങ്ങുന്നത്. സമീപ പ്രദേശമായ പാലക്കുഴി റോഡിൽ കന്നി മേരി എസ്റ്റേറ്റിലും പാത്രക്കണ്ടം, പനംകുറ്റി, അടുത്ത നാളുകളിൽ ഒടുക്കിൻചോട്, കൊന്നക്കൽ കടവ് എന്നീ പ്രദേശങ്ങളിലും നിരവധി തവണ കാട്ടാനക്കൂട്ടം വൻ തോതിൽ കൃഷി നശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങളാണ് കർഷകർക്കുണ്ടായത്.
വാഴ, കപ്പ, പച്ചക്കറി തോട്ടങ്ങൾ, പൈനാപ്പിൾ തുടങ്ങി നിരവധി വിളകൾ ആനകൾ നശിപ്പിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ട് അനുവദിച്ച് ഫെൻസിങ് സംവിധാനം ഉണ്ടാക്കിയെങ്കിലും ഫലം കാണുന്നില്ല. ഫെൻസിങ് സൗകര്യം കൃത്യമായി പരിപാലിക്കാത്തതിനാൽ രാത്രികളിൽ ഇറങ്ങുന്ന കാട്ടാനകൾ പകൽ സമയങ്ങളിലാണ് തിരിച്ച് കാട്ടിലേക്ക് കയറുന്നത്. ഇതുമൂലം നാട്ടുകാർക്ക് പകൽ സമയത്തുപോലും പുറത്തിറങ്ങാൻ കഴിയുന്നില്ല. ലോക്ഡൗൺ ദുരിതങ്ങൾക്കിടയിൽ ജോലിക്കുപോകാൻ കഴിയാതെ ടാപ്പിങ് തൊഴിലാളികളും ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.