തൃശൂർ: മദപ്പാട് കാലത്തുപോലും ആനകളെ വിശ്രമമില്ലാതെ എഴുന്നള്ളിക്കുന്നുണ്ടെന്ന് പാപ്പാന്മാർ. ആനപാപ്പാന്മാർക്കായി വനം വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിലാണ് ആനയെഴുന്നള്ളിപ്പുകളും ആനപീഡനങ്ങളിലും വിവാദമായി നിൽക്കെ പാപ്പാന്മാരുടെ തുറന്നുപറച്ചിൽ. തൃശൂരിൽ പാറമേക്കാവ് രോഹിണി ഹാളിലാണ് വനം വകുപ്പ് ശിൽപശാല സംഘടിപ്പിച്ചത്.
ഡിമാൻഡുള്ള ആനകളെ വലിയതോതിൽ അമിത ലാഭത്തിനായി ഇടവേളകളിൽ കുറച്ച് പരിപാടികളിൽ ഉപയോഗിക്കുന്നുണ്ട്. ഇത് ആനക്കും ആനത്തൊഴിലാളിക്കും മാനസിക സമ്മർദമുണ്ടാക്കുന്നു. അർധരാത്രിയിലെ എഴുന്നള്ളിപ്പുകൾക്ക് ആർക്കും അത്ര താൽപര്യമില്ല. ഇത് ആനകളുടെ വിശ്രമസമയം ഇല്ലാതാക്കുന്നു. ഒരുവർഷമെങ്കിലും ഒരാനക്ക് ഒന്നാം പാപ്പാൻ സ്ഥിരമായി തുടരാൻ സാധിക്കുന്നില്ല. മദപ്പാട് കാലം കഴിയാതെ പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാപ്പാന്മാർ നിർബന്ധിതരാവുകയാണെന്നും പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാറില്ലെന്നും പാപ്പാന്മാർ വനം ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി. ഈ വിഷയങ്ങളിൽ വനം വകുപ്പും ജില്ല ഭരണകൂടവും ഇടപെടണമെന്ന് പാപ്പാന്മാർ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു. നാട്ടാന സംരക്ഷണ നിയമത്തിൽ പറയുന്ന കാര്യങ്ങളിൽ പാലിക്കപ്പെടുന്നത് വളരെ കുറച്ച് മാത്രമാണെന്ന് അവർ പറഞ്ഞു.
ആന എഴുന്നള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്സവങ്ങളും ആചാരങ്ങളും തകർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് ആന ഉടമകളും തൽപരകക്ഷികളും സർക്കാറിനെ സമ്മർദത്തിലാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുേമ്പാഴാണ് പാപ്പാന്മാരുടെ തുറന്നുപറച്ചിൽ. ഇതാദ്യമായാണ് പാപ്പാന്മാർ ഔദ്യോഗിക വേദിയിൽ ഇക്കാര്യം വെളിപ്പെടുത്തുന്നതും. ഇതോടെ, കഴിഞ്ഞ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ശ്രമിച്ചതും ഇപ്പോൾ ഗുരുവായൂർ പത്മനാഭനും വലിയ കേശവനും നേരിടുന്ന വിലക്ക് വിവാദവും പുതിയ തലങ്ങളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.