തിരുവനന്തപുരം: കോതമംഗലത്ത് ആന കിണറ്റിൽ വീണ സംഭവത്തിൽ ദുരന്ത പ്രതികരണത്തിന് തടസം നിന്നാൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്.
മനുഷ്യ-മൃഗ സംഘർഷം സംസ്ഥാന സവിശേഷ ദുരന്തം ആണ്. അതിനാൽ ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സഹകരണം സ്ഥലത്തെ ജനങ്ങൾ നൽകണം. ദുരന്ത പ്രതികരണം ഏത് രീതിയിൽ വേണം എന്നത് വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കും
ആനയെ കരകയറ്റിയ ശേഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും, വനം വകുപ്പും, മൃഗ സംരക്ഷണ വകുപ്പും, തദേശ സ്ഥാപന വകുപ്പും കൂടി ആലോചിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ തുടർ നടപടി സ്വീകരിക്കും.
ആനയെ കരക്ക് എത്തിക്കുന്ന അവസരത്തിൽ ഈ മൃഗം ആക്രമണ സ്വഭാവം കാണിക്കുവാനും വിവിധ ദിശകളിൽ ഒടുവാനും സാധ്യത ഉണ്ട്. അതിനാൽ സ്ഥലത്തെ ജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ കിണറിൽ നിന്നും ചുരുങ്ങിയത് 500 മീറ്റർ അകലം പാലിക്കണം. ആനയെ രക്ഷിക്കുവാൻ ഉള്ള പ്രവർത്തനം കാണുവാൻ മറ്റ് പ്രദേശങ്ങളിൽ നിന്നും വിനോദ സഞ്ചാരം എന്ന നിലയിൽ ഈ സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.