ഇരിട്ടി(കണ്ണൂർ): കരിക്കോട്ടക്കരിയിൽ ജനവാസ കേന്ദ്രത്തിൽ വഴിതെറ്റിയെത്തിയ കുട്ടിയാന ചെരിഞ്ഞു. 18 മണിക്കൂറോളം നിലയുറപ്പിച്ച മൂന്നു വയസ്സുള്ള പിടിയാനയെ ബുധനാഴ്ച വൈകീട്ടോടെ വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരുടെ സംഘം മയക്കുവെടിവെച്ച് തളച്ചെങ്കിലും ചരിഞ്ഞു.
തളച്ച ആനയെ ആറളത്തെ ആർ.ആർ.ടി കേന്ദ്രത്തിൽ തുടർ ചികിത്സക്കായി എത്തിച്ചെങ്കിലും രാത്രി ഒമ്പതോടെയാണ് ചരിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11ഓടെ കീഴ്പള്ളിക്കടുത്ത് വട്ടപ്പറമ്പ് മേഖലയിലാണ് കാട്ടാനയെ ആദ്യം കാണുന്നത്. കീഴ്ത്താടിക്ക് ആഴത്തിൽ പരിക്കേറ്റ പിടിയാന അവശനിലയിലായിരുന്നു. താടിയെല്ലിനാണ് മുറിവേറ്റ ആനക്ക് തീറ്റയും വെള്ളവും എടുക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. വേദന രൂക്ഷമാകുമ്പോൾ അക്രമാസമായി ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു.
ഇടവിട്ട സമയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ദേഹത്ത് വെള്ളമൊഴിച്ച് ശൗര്യം തണുപ്പിക്കുകയായിരുന്നു. വയനാട് വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ്, ആറളം ആർ.ആർ.ടി വെറ്ററിനറി സർജൻ ഡോ. ഏലിയാസ് റാവുത്തർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് മയക്കുവേണ്ടി വെച്ചത്.
ആനയുടെ ശാരീരികാവസ്ഥ പരിഗണിച്ചു ചെറിയ അളവിലുള്ള മരുന്നാണു മയക്കുവെടിക്കായി ഉപയോഗിച്ചത്. ശരീരം തളർന്ന ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ടതിനു ശേഷം പ്രാഥമിക ചികിത്സ നൽകിയിരുന്നു. കാട്ടാനയിറങ്ങിയ സാഹചര്യത്തിൽ അയ്യന്‍കുന്ന് പഞ്ചായത്ത് വാര്‍ഡ് എട്ട് എടപ്പുഴ, വാര്‍ഡ് ഒമ്പത് കൂമന്‍തോട്, വാര്‍ഡ് പത്ത് കരിക്കോട്ടക്കരി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച വൈകീട്ട് ആറ് വരെ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.