കൊച്ചി: അണക്കെട്ടുകളില്‍ ജലം തീരെ താഴ്ന്ന നിരപ്പിലായത് മൂലം ഊര്‍ജ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത്, വര്‍ധിച്ച തോതിലെ ജലബാഷ്പീകരണവും വൈദ്യുതി നഷ്ടത്തിന് കാരണമാകുന്നു. മുഴുവന്‍ ഡാമുകളില്‍നിന്നുമായി ഇത്തരത്തില്‍ അഞ്ച് ലക്ഷത്തിനടുത്ത് യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ ജലം പ്രതിദിനം ആവിയായി നഷ്ടപ്പെടുന്നതായാണ് വൈദ്യുതി ബോര്‍ഡ് ഗവേഷണ വിഭാഗം പഠനത്തില്‍ കണ്ടത്തെിയത്. മുഖ്യവൈദ്യുതി സ്രോതസ്സായ ഇടുക്കി അണക്കെട്ട് കേന്ദ്രീകരിച്ചാണ് പ്രധാന പഠനം നടന്നത്. ഇവിടെനിന്ന് മാത്രം പ്രതിദിനം രണ്ടര ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ ജലമാണ് കൊടുംചൂട്, കാറ്റ്, അന്തരീക്ഷ ഈര്‍പ്പത്തിലെ മാറ്റം എന്നിങ്ങനെ തീഷ്ണ കാലാവസ്ഥ വ്യതിയാനം മൂലം നഷ്ടമാകുന്നത്. അണക്കെട്ടുകളില്‍ ഇപ്പോള്‍ ബാഷ്പീകരണം വര്‍ധിച്ച തോതിലാണെന്ന് റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അലോഷി പോള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജലം ആവിയാകല്‍ പ്രക്രിയ ഏറ്റവും കൂടുതല്‍ ഇടുക്കിയിലാണ്. മറ്റ് ഡാമുകളിലെല്ലാം കൂടിയുള്ള ബാഷ്പീകരണം ഇടുക്കിക്കൊപ്പമേ വരൂ.
വീശിയടിക്കുന്ന കാറ്റും കനത്ത ചൂടുമാണ് ജല ബാഷ്പീകരണ തോത് ഉയര്‍ത്തുന്നതെന്നാണ് കണ്ടത്തെല്‍. പുറമെനിന്ന് വാങ്ങുന്ന വൈദ്യുതി വില അടിസ്ഥാനമാക്കിയാല്‍ 20 ലക്ഷം രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണിങ്ങനെ നഷ്ടമാകുന്നത്. കെ.എസ്.ഇ.ബി റിസര്‍ച്ച് വിഭാഗത്തിന്‍െറ കണക്കനുസരിച്ച് 5.9 മില്യണ്‍ ക്യൂബിക്ക് അടി വെള്ളമാണ് ദിവസവും ഇടുക്കി ഡാമില്‍നിന്ന് മാത്രം ഈ പ്രതിഭാസം മൂലം നഷ്ടമാകുന്നത്. 2,45,833.3 യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്ര ജലമാണിത്.
ഇപ്പോള്‍ പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് യൂനിറ്റിന് 4.09 രൂപ നിരക്കിലാണ്. ഈ വില വെച്ച് കണക്കാക്കിയാല്‍ 10,05,458.1 ലക്ഷം രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണിത്. അതേസമയം, താപവൈദ്യുതിയെ ആശ്രയിക്കേണ്ടി വന്നാല്‍ യൂനിറ്റിന് 12 മുതല്‍ 13 രൂപവരെയാണ് വില. 65 സ്ക്വയര്‍ കിലോമീറ്ററാണ് ഇടുക്കി അണക്കെട്ടിന്‍െറ ജലവിതാനം. ഇപ്പോള്‍ സംഭരണശേഷിയുടെ 32 ശതമാനം ജലം മാത്രമുള്ളതിനാല്‍ 30-32 സ്ക്വയര്‍ കിലോമീറ്ററാണ് ജലവിതാനം. സാധാരണ ജനുവരി പിന്നിടുന്നതോടെ വൃഷ്ടി പ്രദേശത്ത് കാറ്റ് ശമിക്കാറുണ്ട്. ഇക്കുറി ഫെബ്രുവരി അവസാന വാരമായിട്ടും കാറ്റ് ശക്തമായി തുടരുകയാണ്. ബാഷ്പീകരണ നിരക്ക് ഉയരാന്‍ പ്രധാന കാരണമിതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൂട് കൂടിവരുന്നതിനാല്‍ വരും ദിവസങ്ങളില്‍ നഷ്ടത്തിന്‍െറ തോത് ഇനിയും ഉയരാനാണ് സാധ്യത. പദ്ധതി പ്രദേശങ്ങളിലെ ശരാശരി താപനില 32-35 ഡിഗ്രിയായി ഉയര്‍ന്നിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.