തിരുവനന്തപുരം/മൂലമറ്റം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിലെത്തിയ സാഹചര്യത്തിൽ 10 മുതൽ 15 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന വിലയിരുത്തലിൽ കെ.എസ്.ഇ.ബി. കഴിഞ്ഞദിവസം 116.11 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപഭോഗമാണ് രേഖപ്പെടുത്തിയത്. ഇത് സർവകാല റെക്കോഡാണ്. വൈകുന്നേരത്തെ ആവശ്യകത 6,013 മെഗാവാട്ടിലെത്തി. 300 മെഗാവാട്ടുകൂടി കടന്നാൽ 10 മുതൽ 15 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. ഫീഡറുകൾ നിശ്ചിത സമയത്തേക്ക് ഓഫാക്കി ലോഡ് കുറച്ചാകും നിയന്ത്രണം.
വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി യൂനിറ്റാണ്. 2024 മേയ് മൂന്നിലെ 11.59 കോടി യൂനിറ്റ് എന്ന റെക്കോഡണ് മറികടന്നത്. കടുത്ത ചൂടിനെ തുടര്‍ന്ന് എ.സി, ഫാന്‍ ഉപയോഗം വര്‍ധിച്ചതും പാചകവാതക ലഭ്യതക്കുറവുമൂലം ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതുമാണ് ഉപയോഗം വര്‍ധിക്കാന്‍ കാരണം. ശനിയാഴ്ചയിലെ ഉപയോഗമായ 116.11 ദശലക്ഷം യൂനിറ്റിൽ സംസ്ഥാനത്ത് 27.664 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉൽപാദിപ്പിച്ചത്. പുറത്തുനിന്ന് 88.45 ദശലക്ഷം യൂനിറ്റ് വാങ്ങി.
ഡാമുകളിൽ സംഭരണശേഷിയുടെ 37 ശതമാനത്തിൽ താഴെ അളവിലാണ് വെള്ളമുള്ളത്. നീരൊഴുക്കും കുറവാണ്. പുറത്തുനിന്ന് 88 ദശലക്ഷം യൂനിറ്റ് കെ.എസ്.ഇ.ബി വാങ്ങുന്നുണ്ട്. പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത് കൂടിയതോടെ മേയ് മാസത്തെ സര്‍ചാര്‍ജില്‍ ഇത് പ്രതിഫലിക്കുമെന്ന് ഉറപ്പായി. ഏപ്രില്‍ ഏഴിന് 86.58 ദശലക്ഷം യൂനിറ്റ് വരെ വാങ്ങേണ്ടിവന്നു. ഇതോടെ ഏറ്റവും കുറഞ്ഞത് യൂനിറ്റിന് 10 പൈസയെങ്കിലും സര്‍ചാര്‍ജ് കൂടുതല്‍ നല്‍കേണ്ടിവരും.
ലോഡ് 6,000 മെഗാവാട്ടിന് മുകളിലെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ട്രാന്‍സ്ഫോമറുകള്‍ തകരാറിലായതായും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.