നിലമ്പൂർ: കാട്ടുപന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് വഴിക്കടവ് വെള്ളക്കട്ട ആമാടൻ സുരേഷിന്റെ മകൻ അനന്തു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. അലവി അനന്തുവിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
കേസിൽ വഴിക്കടവ് പൊലീസ് പ്രതി വഴിക്കടവ് പുത്തരിപ്പാടം നമ്പ്യാടൻ വിനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കെ.എസ്.ഇ.ബിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ വൈദ്യുതി മോഷണത്തിനും പ്രതിക്കെതിരെ കേസെടുക്കും.തുടരന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.
എന്നാൽ, കേസ് ഫയലുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല. ലോക്കൽ പൊലീസിന്റെ പ്രാഥമികാന്വേഷണം പൂർത്തീകരിച്ച ശേഷം അടുത്ത ദിവസം ഫയലുകൾ ഏറ്റുവാങ്ങും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങും. ഇതുവരെ ഒരു പ്രതി മാത്രമാണുള്ളത്. അന്വേഷണം പൂർത്തിയാക്കുന്ന മുറക്ക് മറ്റ് കുറ്റകൃത്യങ്ങൾ കൂടി ചുമത്തപ്പെടും.
ശനിയാഴ്ച രാത്രി എട്ടോടെയാണ് ദാരുണസംഭവം നടന്നത്. വീടിന് സമീപം ചട്ടിപ്പാറ ചോലയിൽ മീൻ പിടിക്കുന്നതിനിടെയാണ് കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽനിന്ന് പത്താം ക്ലാസ് വിദ്യാർഥി അനന്തു ഷോക്കേറ്റ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾക്ക് കൂടി ഷോക്കേറ്റു. ഇവർ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.