കോട്ടയം: 1965ൽ മണ്ഡലം നിലവിൽ വന്നതു മുതൽ 52 വർഷം തുടർച്ചയായി കെ.എം. മാണിയുടെ തട്ടകമായിരുന്നു പാലാ. രണ്ടു തെരഞ്ഞെടുപ്പിൽ കെ.എം മാണിയെ വിറപ്പിച്ച മാണി സി. കാപ്പൻ അദ്ദേഹത്തിന്റെ മരണശേഷം 2019 സെപ്തംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലേക്കു ജയിച്ചു കയറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാണിയുടെ മകനും കേരള കോൺഗ്രസ് ചെയർമാനുമായ ജോസ് കെ. മാണിയെ 15378 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ വീഴ്ത്തി മാണി സി. കാപ്പൻ വിജയം ആവർത്തിച്ചത് യു.ഡി.എഫ് ബാനറിലാണ്.
ആറര വർഷമായി എം.എൽ.എയായ മാണി സി. കാപ്പൻ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. അതുകൊണ്ട് തന്നെ, പാലായിൽ മാണി സി. കാപ്പൻ തുടരുമോ? എന്നത് തന്നെയാണ് പാലായിൽ നാലാൾ കൂടുന്നിടത്തെ സംസാരം. കഴിഞ്ഞ തോൽവിക്ക് കണക്ക് തീർക്കാൻ ഇറങ്ങുന്ന ജോസ് കെ. മാണി തന്നെയാണ് ഇത്തവണയും മുഖ്യ എതിരാളി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 2016 ൽ ജില്ല പ്രസിഡന്റായിരുന്ന എൻ. ഹരിയിലൂടെ പാർട്ടി 24821 വോട്ട് പിടിച്ചിരുന്നു. ത്രികോണ മത്സരത്തിൽ 50,000 വോട്ട് പിടിച്ചാൽ ജയിക്കാമെന്ന കണക്കാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. ക്രൈസ്തവരെയും ഹൈന്ദവരെയും കൃത്യമായി സ്വാധീനിക്കാനുള്ള തന്ത്രങ്ങളാണ് എൻ.ഡി.എ സ്ഥാനാർഥി പയറ്റുന്നത്.
വികസന ചർച്ചകളും സൈബർ ആക്രമണങ്ങളും ഒപ്പം വ്യക്തിഹത്യകളും നിറഞ്ഞ പാലായുടെ പ്രചാരണ രംഗം ഏറെ കലുഷിതമായിരുന്നു. വികസന പദ്ധതികൾ ഒന്നും നടക്കുന്നില്ലെന്നാണ് എൽ.ഡി.എഫ് ആരോപണം. വികസനത്തിന് ജോസും കൂട്ടരും തടസ്സം നിൽക്കുകയാണെന്നും സർക്കാർ പാലായെ പരിഗണിച്ചില്ലെന്നും മറുവാദമുയർത്തിയായിരുന്നു യു.ഡി.എഫ് പ്രതിരോധം. പാലാ നഗരസഭയും 12 പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലാ നിയോജകമണ്ഡലം. നഗരസഭയും ആറു പഞ്ചായത്തും ഭരിക്കുന്ന യു.ഡി.എഫിനാണു നേരിയ മുൻതൂക്കമെങ്കിലും വോട്ട് കണക്കിൽ മുന്നിലെത്തിയതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം.
ഗ്രാമീണ മേഖലയിലെ ആധിപത്യവും സാധാരണ ജനങ്ങൾക്കിടയിലുള്ള സ്വാധീനവുമാണ് കാപ്പന്റെ മെറിറ്റ്. പാലായുടെ മണ്ണിൽ സഭയുടെ സ്വാധീനം ശക്തമാണ്. വിദ്യാലയങ്ങളും അഗതി മന്ദിരങ്ങളും സന്യാസിനി സമൂഹങ്ങളും സഭ സ്ഥാപനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് സേവന-വിശ്വാസ കേന്ദ്രങ്ങളാണ് പാലാ രൂപത സമൂഹത്തിനു നൽകിയത്. അതുകൊണ്ട് തന്നെ ക്രൈസ്തവ വോട്ടുകളാണ് പാലായുടെ ഭരണഗതി നിർണയിക്കുന്നത്. റബർ പ്രധാന വരുമാനമാർഗമായി സ്വീകരിച്ച കർഷകർ ഭൂരിപക്ഷമുള്ള ജില്ലയിലെ പ്രധാന പട്ടണവും വാണിജ്യ കേന്ദ്രവുമാണ് പാലാ. പുരാതന കാലംതൊട്ടേ നാടിന്റെ നാനാഭാഗത്തുനിന്നും ക്രൈസ്തവർ കുടിയേറി പാർത്ത സ്ഥലമാണിതെന്ന് ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.