കോലഞ്ചേരി: യാക്കോബായ സഭ ഭാരവാഹി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. അഞ്ച് വർഷത്തേക്കുള്ള വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, സഭ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ്. വിവിധ ഇടവകകളിൽനിന്നുള്ള മൂവായിരത്തോളം പ്രതിനിധികളാണ് വോട്ടർമാർ.
അൽമായ ട്രസ്റ്റി സ്ഥാനത്തേക്കാണ് ഏറ്റവും വാശിയേറിയ മത്സരം. 18 വർഷത്തോളം സഭ സെക്രട്ടറി, അൽമായ ട്രസ്റ്റി സ്ഥാനങ്ങൾ വഹിച്ച തമ്പു ജോർജ് തുകലനും ഇപ്പോഴത്തെ അൽമായ ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയിലും തമ്മിലാണ് മത്സരം.
2017 ജൂലൈ മൂന്നിലെ സഭക്കെതിരായ സുപ്രീംകോടതി വിധിയോടെ വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് രംഗംവിട്ട തമ്പു ജോർജ് ഇക്കുറി തിരിച്ചുവരവിനായി കടുത്ത പരിശ്രമമാണ് നടത്തുന്നത്. ഇതിനെ ചെറുക്കാൻ നിലവിലെ അൽമായ ട്രസ്റ്റിയെ പിന്തുണക്കുന്നവരും രംഗത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിലടക്കം ചൂടേറിയ പ്രചാരണമാണ് നടക്കുന്നത്.
ജേക്കബ് സി. മാത്യു സഭ സെക്രട്ടറി സ്ഥാനത്തേക്കും ഫാ. ജോൺ ജോസഫ് വൈദിക ട്രസ്റ്റി സ്ഥാനത്തേക്കും തമ്പു ജോർജിന്റെ പാനലിൽ മത്സരിക്കുമ്പോൾ സുരേഷ് ജെയിംസ് വഞ്ചിപ്പാലം സഭ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ അൽമായ ട്രസ്റ്റി സി.കെ. ഷാജിയുടെ പാനലിൽ മത്സരിക്കുന്നു. വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. റോയി കട്ടച്ചിറ, ഫാ. റോയി എബ്രഹാം എന്നിവരും സഭ സെക്രട്ടറി സ്ഥാനത്തേക്ക് ബിബി എബ്രഹാം, എൽദോസ് പടയാട്ടി എന്നിവരും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.