പിണറായി വിജയൻ പവർഫുൾ, തെരഞ്ഞെടുപ്പ് പരാജയം ഒരാളിൽ മാത്രം ഒതുങ്ങുന്നതല്ല -ഇ.പി. ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയനിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. പിണറായി വിജയൻ ഇപ്പോഴും പവർഫുൾ ആണെന്നും പ്രായം കൂടുംതോറും കർമശേഷി കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തി തോൽപ്പിച്ചുവെന്ന പ്രചാരണം തെറ്റാണ്. പാർട്ടിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആർ, എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കാറുള്ളതെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. പിണറായി വിജയന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ല. വികസന കാര്യങ്ങളിൽ സി.പി.എമ്മിന് നാടിന്റെ താൽപര്യമാണ് വലുത്. ന്യൂനപക്ഷങ്ങൾ സി.പി.എമ്മിനെ വിട്ടുപോയെന്ന് ആരും പറഞ്ഞിട്ടില്ല. ആരുടെ വോട്ട് ആർക്ക് പോയെന്ന് പറയാൻ ആർക്കും സാധിക്കില്ല. നാട്ടിലെ മുഴുവൻ പേരും സഖാക്കളാണെന്ന നിഗമനത്തിൽ എങ്ങനെ എത്താൻ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, പാർട്ടി സെക്രട്ടറിയെന്ന നിലയിൽ തന്റെ ശരീരഭാഷ ശരിയല്ലെന്ന് വീട്ടിൽനിന്ന് പോലും വിമർശനം ഉണ്ടായെന്ന് എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ അതിരൂക്ഷ വിമർശനമാണ് പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയർന്നത്. പിണറായിയുടെ ധാർഷ്ട്യമാണ് പരാജയ കാരണം, ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തത് തുടങ്ങിയ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.

പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയൻ വരുന്നത് ശരിയല്ലെന്ന തരത്തിലും അഭിപ്രായം ഉയർന്നു. പ്രായപരിധിയിൽ പിണറായിക്ക് മാത്രം എന്തിന് ഇളവ് നൽകിയെന്ന ചോദ്യത്തിന് പിണറായി അല്ലാതെ മറ്റാരുണ്ടെന്നാണ് എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. സി.പി.എം ഇടുക്കി ജില്ല കമ്മിറ്റി യോഗത്തിലും നേതൃത്വത്തിന് വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് പരാജയത്തിന് കാരണമായെന്നാണ് വിമർശനം.

മാധ്യമ പ്രവർത്തകർ ചോദ്യം ചോദിക്കുമ്പോൾ പക്വതയോടെ പെരുമാറുമെന്നും തിരിച്ചു ചോദ്യം ചോദിക്കുന്നത് നിർത്തിയെന്നും എം.വി. ഗോവിന്ദൻ വിമർശനങ്ങൾക്ക് മറുപടി നൽകി. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ എം.വി. ഗോവിന്ദൻ ന്യായീകരിച്ചു.

Tags:    
News Summary - Pinarayi Vijayan is powerful, the responsibility for the failure does not lie solely with Pinarayi Vijayan - E.P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.