ആറാട്ടുപുഴ പത്തിശേരിൽ ജങ്ഷനിൽ രമേശ് ചെന്നിത്തലയുടെ പോസ്റ്റർ സ്ഥാപിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

'കാത്തു വെച്ച ചെന്നിത്തല' പോസ്റ്ററുകൾ ചുമരിൽ നിറഞ്ഞു; പ്രഖ്യാപനത്തിന് മുമ്പേ ആറാട്ടുപുഴയിൽ തെരഞ്ഞെടുപ്പ് ആവേശം

ആറാട്ടുപുഴ: തെരഞ്ഞെടുപ്പ് കമീഷൻ വിസിൽ മുഴക്കുന്നതിനും സ്ഥാനാർത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിനും മുമ്പേ ആറാട്ടുപുഴയിൽ പോസ്റ്റർ യുദ്ധത്തിന് തുടക്കമിട്ട് കോൺഗ്രസ് പ്രവർത്തകർ. പാർട്ടിയുടെ ഔദ്യോഗിക പ്രചാരണ സാമഗ്രികൾ എത്തുന്നതുവരെ കാത്തുനിൽക്കാതെ, മുൻ തെരഞ്ഞെടുപ്പ് കാലത്തെ പോസ്റ്ററുകൾ പൊടിതട്ടിയെടുത്താണ് പ്രവർത്തകർ ഇത്തവണ കളം പിടിക്കുന്നത്. രമേശ് ചെന്നിത്തലയുടെ വിവിധ ഭാവങ്ങളിലുള്ള പോസ്റ്ററുകൾ ആറാട്ടുപുഴയിലെ ചുവരുകളിൽ ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി ഷിബു മസ്താന്റെ നേതൃത്വത്തിൽ പത്തിശേരിൽ ജങ്ഷനിലായിരുന്നു സജീവമായ പോസ്റ്റർ പതിക്കലും കൊടിതോരണങ്ങൾ സ്ഥാപിക്കലും നടന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാതെ ബാക്കി വന്ന 'എന്നും കൂടെയുണ്ടാകും' എന്ന തലക്കെട്ടിൽ ഉള്ള പോസ്റ്ററുകളാണ് ഇപ്പോൾ പ്രചാരണത്തിനായി പുറത്തെടുത്തിരിക്കുന്നത്. എന്നെങ്കിലും ഉപകരിക്കുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ചുവെച്ച ഈ പോസ്റ്ററുകൾ, ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല തന്നെയാകും സ്ഥാനാർത്ഥിയെന്ന ഉറച്ചതോടെയാണ് പ്രവർത്തകർ ഇപ്പോൾ പോസ്റ്റർ ഉപയോഗിക്കുന്നത്.

പ്രചാരണത്തിൽ എതിരാളികളേക്കാൾ ഒരു പടി മുന്നിലെത്തുക എന്ന ലക്ഷ്യമാണ് ഈ വേറിട്ട നീക്കത്തിന് പിന്നിലെന്ന് ഷിബു മസ്താൻ പറഞ്ഞു. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരായ ഷാജഹാൻ, അബ്ദുറഹ്മാൻ, മുഹമ്മദ് സാലി, സുനീർ, ഷെഫീക്ക് എന്നിവരും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്നു. മുതിർന്ന നേതാവായ രമേശ് ചെന്നിത്തലക്കെതിരെ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയും സി.പി.ഐ ദേശീയ കൗൺസിൽ അംഗവുമായ ടി.ടി. ജിസ്മോനെയാണ് ഇടതുമുന്നണി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചൂട് ഏറെ പ്രതിഫലിക്കുന്ന സ്ഥലമാണ് ആറാട്ടുപുഴ പത്തിശേരിൽ ഭാഗം. വരുന്ന തെരഞ്ഞെടുപ്പിലും അതിനു മാറ്റം ഉണ്ടാകില്ല.

Tags:    
News Summary - Election excitement in Arattupuzha even before the announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.