പേരാമ്പ്ര: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ മേഖലയിൽ മുസ്ലിംലീഗിനുണ്ടായ തോൽവിയെ തുടർന്ന് പാർട്ടി പേരാമ്പ്ര മണ്ഡലം കമ്മിറ്റി രാജി സമർപ്പിച്ചു. മുസ്ലിംലീഗിന് പ്രസിഡൻറ് സ്ഥാനം ലഭിച്ചിരുന്ന ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളിൽ ഉൾപ്പെടെ പാർട്ടി പരാജയപ്പെട്ടത് നേതൃത്വത്തിെൻറ പിടിപ്പുകേടുമൂലമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ചില അണികൾ സമൂഹമാധ്യമങ്ങളിലൂടെ ഭാരവാഹികളെ അധിക്ഷേപിച്ച് പോസ്റ്റ് ഇടുകയും ചെയതിരുന്നു.
വിമർശനങ്ങൾ അതിരുകടന്നുവെന്ന് കാണിച്ച് മണ്ഡലം പ്രസിഡൻറ് എസ്. കെ. അസൈനാറാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയ എതിരാളികൾ പോലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് ചില അണികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം യോഗത്തിൽ വികാരാധീനനായി ചൂണ്ടിക്കാട്ടി. ഇത്തരം പ്രചാരണങ്ങൾ കുടുംബാംഗങ്ങളെ ഉൾപ്പെടെ ഏറെ വേദനിപ്പിച്ചതായും അതുകൊണ്ട് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. പ്രസിഡൻറ് രാജിയിൽ ഉറച്ചുനിന്നതോടെ മറ്റു ഭാരവാഹികളും രാജിക്ക് സന്നദ്ധമാവുകയായിരുന്നു.
തോൽവിയുടെ ഉത്തരവാദിത്തം അതത് പഞ്ചായത്ത് കമ്മിറ്റികൾക്ക് ആണെന്നിരിക്കെ മണ്ഡലം കമ്മിറ്റിക്കെതിരെ ഉയരുന്ന വിമർശനം ശരിയല്ലെന്ന് മണ്ഡലം പ്രവർത്തക സമിതി വിലയിരുത്തി. മണ്ഡലം കമ്മിറ്റി രാജിവെച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പകരം സംവിധാനമുണ്ടാക്കിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പാർട്ടി മണ്ഡലം കമ്മിറ്റിക്ക് നാഥനില്ലാത്തതിൽ പ്രവർത്തകർക്ക് ആശങ്കയുണ്ട്. ഒരുപക്ഷേ പേരാമ്പ്ര സീറ്റ് ലീഗിന് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ പാർട്ടി അഭിപ്രായ വ്യത്യാസമില്ലാതെ ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അതിനൊന്നും കഴിയാതെ പ്രതിസന്ധിയിലാണ് പാർട്ടി ഉള്ളതെന്നു പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്ര മണ്ഡലത്തിൽ ലീഗിെൻറ ശക്തി കേന്ദ്രങ്ങളായ തുറയൂരിലും ചങ്ങരോത്തും ഭരണം യു.ഡി.എഫിനായിരുന്നു.
എന്നാൽ ഇവിടങ്ങളിൽ ലീഗിെൻറ സിറ്റിങ് സീറ്റുകളിലേറ്റ പരാജയം പേരാമ്പ്ര മണ്ഡലത്തെ സമ്പൂർണമായി ഇടതിെൻറ കൈകളിൽ എത്തിച്ചു. എന്നാൽ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ ഒരു സീറ്റ് കൂടുതൽ ലഭിച്ചതാണ് മുസ്ലിംലീഗിന് ആശ്വാസത്തിന് വകയുള്ളത്. 16ന് ചേരുന്ന ജില്ല കമ്മിറ്റിയിൽ തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. എന്നാൽ, മണ്ഡലം കമ്മിറ്റി രാജിവെച്ചിട്ടില്ലെന്ന് ജന. സെക്രട്ടറി കല്ലൂർ മുഹമ്മദലി മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.