കൊച്ചി: പരാതിക്കാരിയുടെ രഹസ്യമൊഴി കോർട്ട് ഓഫിസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അഭിഭാഷകന് ഹൈകോടതിയുടെ അനുമതി. തിങ്കളാഴ്ച അഭിഭാഷകന് കോടതിയിലെത്തി ഇത് പരിശോധിക്കാമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. മുദ്രവെച്ച കവറിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് നൽകണമെന്ന എൽദോസിന്റെ ആവശ്യം തള്ളിയാണ് മൊഴി പരിശോധിക്കാൻ അഭിഭാഷകന് അനുമതി നൽകിയത്.
തിരുവനന്തപുരം അഡീ. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് ഈ ആവശ്യം എൽദോസിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. ഇതിനിടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഇരയായ യുവതി നൽകിയ ഹരജിയും കോടതിയുടെ പരിഗണനക്കെത്തി.
രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന ആവശ്യം സർക്കാറും പരാതിക്കാരിയും എതിർത്തതിനെ തുടർന്നാണ് തള്ളിയത്. എൽദോസ് കുന്നപ്പിള്ളി ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് തിങ്കളാഴ്ചവരെ നീട്ടിയ കോടതി, അന്ന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി.
കോവളത്തെ റിസോർട്ടിലും കളമശ്ശേരിയിലെ ഫ്ലാറ്റിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലുംവെച്ച് പീഡിപ്പിച്ചെന്നാണ് എൽദോസിനെതിരായ പരാതി. കോവളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒക്ടോബർ 20ന് തിരുവനന്തപുരം അഡീ. സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കാൻ സർക്കാറും പരാതിക്കാരിയും ഹരജി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.