ചക്കി
പാണ്ടിക്കാട് (മലപ്പുറം): വീട്ടിലേക്ക് വാഹനമെത്തിക്കാൻ സാധിക്കാത്തതിനാൽ ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു. പാണ്ടിക്കാട് കൊടശ്ശേരിയിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കൊടശ്ശേരി പാറയിൽ പരേതനായ അങ്ങാടി വീട്ടിൽ അയ്യപ്പന്റെ ഭാര്യ ചക്കിയാണ് (86) മരിച്ചത്.
വഴി കൈയേറി സ്വകാര്യവ്യക്തി കക്കൂസ് കുഴി നിർമിച്ചതിനാലാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടുപടിക്കൽ വാഹനം എത്താതിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. രാത്രി അസുഖം മൂർച്ഛിച്ചതോടെ ഗതാഗതസൗകര്യമുള്ള റോഡിലേക്ക് എത്തിക്കാനായില്ല. 60 വർഷം മുമ്പ് അങ്ങാടി വീട്ടിൽ സുകുമാരന്റെ പിതാവ് ചെങ്ങണംകുന്നിൽ അഞ്ച് സെൻറ് സ്ഥലം വാങ്ങുകയും വീട്ടിലേക്കുള്ള വഴി സ്ഥലമുടമ വാക്കാൽ നൽകുകയും ചെയ്തിരുന്നു. പിന്നീട്, ഇവരുടെ സ്ഥലത്തിന് തൊട്ടടുത്തായി മറ്റൊരു കുടുംബവും വീട് വെച്ച് താമസമാരംഭിച്ചു.
ഈ രണ്ട് വീടുകളിലേക്കും എത്താൻ സ്ഥലമുടമ നൽകിയ ഏക വഴിയാണിത്. ഇത് പൂർണമായടച്ച് കക്കൂസിന് കുഴി നിർമിച്ചതാണ് പ്രതിസന്ധിയായത്. ചക്കിയുടെ മകൻ സുകുമാരൻ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ മുമ്പ് ചെമ്പ്രശ്ശേരി വില്ലേജ് ഓഫിസർ സ്ഥലം പരിശോധിച്ച് ഇവർക്ക് വഴി നൽകിയെങ്കിലും ഫലമുണ്ടായില്ല. സുകുമാരൻ പാണ്ടിക്കാട് പൊലീസിൽ പരാതി നൽകി. മൂന്നടി വഴിയെങ്കിലും രേഖാമൂലം നൽകണമെന്നതാണ് രണ്ട് കുടുംബങ്ങളുടെയും ആവശ്യം.
പ്രശ്നത്തിന് പരിഹാരം കാണാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കൾ തീരുമാനമെടുത്തതോടെ അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി. എ.ഡി.എം പ്രതിനിധിയായി തഹസിൽദാർ, ഡെ. തഹസിൽദാർമാർ, പൊലീസ് ഉദ്യോഗസ്ഥർ, വാർഡംഗങ്ങളായ പി.ആർ. രോഹിൽനാഥ്, പി. സലീൽ, എൻ.ടി. സുരേന്ദ്രൻ, അസ്കർ മുക്കട്ട, ശങ്കരൻ കൊരമ്പയിൽ എന്നിവർ പെങ്കടുത്തു. ഭൂമി അളന്നുതിട്ടപ്പെടുത്തി വഴിയൊരുക്കാൻ തീരുമാനമായി. ഇതിനായി സമിതി രൂപവത്കരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 6.30ഒാടെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. ചക്കിയുടെ മക്കൾ: നാടി, സുകുമാരൻ, ബാലൻ, ലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.