പാവറട്ടി (തൃശൂർ): സി.പി.എമ്മിൽനിന്ന് പുറത്താക്കിയ എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് സ്ഥാനം രാജിവെച്ചു. സെക്രട്ടറി തോമസ് ഏലിയാസ് രാജന് രാജിക്കത്ത് സമർപ്പിച്ചു. ജിയോ ഫോക്സ് കോൺഗ്രസിൽ ചേർന്നു. സി.പി.എം കടുത്ത അവഗണനയാണ് തനിക്കെതിരെ നടത്തിയതെന്ന് ജിയോ ഫോക്സ് ആരോപിച്ചു. പാർട്ടി ഏതെന്ന് നോക്കാതെ തന്റെ അടുത്തുവരുന്ന എല്ലാവർക്കും ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നത് നേട്ടമായി കാണുന്നു എന്നും ഒറ്റക്കെട്ടായി നിന്നാൽ എളവള്ളിയിൽ ത്രിവർണ പതാക പാറിക്കാൻ കഴിയുമെന്നും ജിയോ ഫോക്സ് അവകാശപ്പെട്ടു.
രാജിവെച്ച് പഞ്ചായത്തിൽനിന്ന് ഇറങ്ങിയ ജിയോ ഫോക്സിനെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. എ.ഐ.സി.സി അംഗം അനിൽ അക്കര, കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ, ഡി.സി.സി സെക്രട്ടറി പി.കെ. രാജൻ, ബ്ലോക്ക് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, മണ്ഡലം പ്രസിഡന്റ് പ്രസാദ് വാക എന്നിവർ സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ സ്വീകരണം നൽകി. ബി.ജെ.പി വിട്ട് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന മനോജ് വാഴപ്പിലത്ത് ജിയോക്കൊപ്പം കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസിലേക്ക് പോകുകയാണെന്ന് ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പരസ്യമായി പറഞ്ഞതിനാലാണ് സി.പി.എമ്മിൽ നിന്ന് ജിയോ ഫോക്സിനെ ജില്ല സെക്രട്ടറി പുറത്താക്കിയത്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്വമുൾപ്പെടെ എല്ലാ ചുമതലകളിൽനിന്നും പുറത്താക്കിയിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന ജിയോ ഫോക്സ് 20 വർഷം മുമ്പാണ് സി.പി.എമ്മിലേക്ക് എത്തിയത്. ഇത്തവണ ഏരിയ കമ്മിറ്റിയിലേക്ക് അംഗത്വം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഇവിടം മുതലാണ് പാർട്ടിയുമായി സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയത്. പുതിയ പ്രസിഡന്റായി വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.