കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ബാഗിലെ ദ്രാവകം അടങ്ങിയ കുപ്പിയും മറ്റും പരിശോധിക്കുന്ന ഫോറൻസിക് ഉദ്യോഗസ്ഥൻ
കോഴിക്കോട്: ആലപ്പുഴ -കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ പഴുതടച്ച അന്വേഷണവുമായി പൊലീസ്. കേസന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന്റെ നേതൃത്വത്തിൽ 18 അംഗ പ്രത്യേക സംഘം രൂപവത്കരിച്ചു. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 326 എ (ആസിഡ് പോലുള്ളവ ഉപയോഗിച്ച് കഠിന പരിക്കേൽപ്പിക്കൽ), 436 (തീപിടിക്കുന്ന വസ്തുക്കളുമായി കുഴപ്പമുണ്ടാക്കൽ), 338 (മറ്റുള്ളവർക്ക് ജീവഹാനി വരുത്തുന്ന പ്രവൃത്തി ചെയ്ത് ഗുരുതര പരിക്കേൽപ്പിക്കൽ), റെയിൽവേ ആക്റ്റിലെ 151 (ട്രെയിനിന് കേടുപാടുണ്ടാക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സംഭവത്തിൽ കോഴിക്കോട് റെയിൽവേ പൊലീസ് കേസെടുത്തത്.
ഭീകരവിരുദ്ധ സേന ഡിവൈ.എസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസി.കമീഷണര്‍ പി. ബിജുരാജ്, താനൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി എന്നിവര്‍ അംഗങ്ങളാണ്. വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കണ്ണൂരിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ നേതൃത്വത്തിൽ ഉന്നത തല യോഗവും ചേർന്നു. കണ്ണൂർ വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ എ.ടി.എസ് തലവൻ പി. വിജയൻ, കണ്ണൂർ റേഞ്ച് ഐ.ജി പുട്ട വിമലാദിത്യ, കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.