എലത്തൂർ ട്രെയിൻ തീവെപ്പ് പ്രതി വിയ്യൂർ ജയിലിൽ; കനത്ത സുരക്ഷ വേണമെന്ന് പൊലീസ്

കോഴിക്കോട് / തൃശൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്കു മാറ്റി. പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ കാലാവധി അവസാനിച്ചതോടെ വൻ സുരക്ഷയിൽ ചൊവ്വാഴ്ച ഉച്ചയോടെ അന്വേഷണ സംഘം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

അറസ്റ്റിലായതിനു പിന്നാലെ വൈദ്യപരിശോധനക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച പ്രതിയെ ഏപ്രിൽ ഏഴിന് അവിടെയെത്തി മജിസ്ട്രേറ്റ് 20 വരെ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് അന്നു വൈകീട്ട് കോടതിയിൽ ഹാജരാക്കി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.

യു.എ.പി.എ അടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തിയതിനാൽ പ്രതിക്ക് കൂടുതൽ സുരക്ഷ ആവശ്യമുണ്ടെന്ന് പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് വിയ്യൂരിലേക്കു മാറ്റിയത്.

പ്രതിക്കുവേണ്ടി ചീഫ് ഡിഫൻസ് കൗൺസൽ പി. പീതാംബരൻ നൽകിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പൊലീസ് റിപ്പോർട്ട് നൽകാനായി അപേക്ഷ ബുധനാഴ്ചത്തേക്കു മാറ്റി. വൈകീട്ട് ആറോടെ പ്രത്യേക സുരക്ഷയോടെ തൃശൂരിലെത്തിച്ച ഷാറൂഖ് സെയ്ഫിയെ ആരോഗ്യ പരിശോധനക്കും കോവിഡ് പരിശോധനക്കും വിധേയനാക്കി. കോവിഡ് നെഗറ്റിവായിരുന്നു ഫലം.

സാധാരണയായി ജയിലിന് മുൻവശം വരെയെത്താൻ മാധ്യമങ്ങൾക്കടക്കം അനുമതിയുണ്ടായിരുന്നെങ്കിലും സുരക്ഷപ്രശ്നം ചൂണ്ടിക്കാണിച്ച് റോഡിൽനിന്ന് പ്രധാന കവാടത്തിനകത്തേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമനുവദിച്ചിരുന്നില്ല. ഈ മാസം രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്‌സ്‌പ്രസില്‍ തീവെപ്പുണ്ടായത്.

Tags:    
News Summary - Elathur Train arson suspect in Viyyur jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.