മലപ്പുറം: ഇ.കെ-എ.പി സുന്നികളെ െഎക്യപാതയിലേക്ക് കൊണ്ടുവരാൻ തുടക്കമിട്ട ചർച്ചകൾക്ക് വേഗം കുറയുന്നു. മധ്യസ്ഥരുടെ സാന്നിധ്യത്തിൽ സജീവമായിരുന്ന െഎക്യനീക്കങ്ങളാണ് ഇതോടെ മന്ദഗതിയിലായത്. ഇരു വിഭാഗത്തുനിന്നുമായി പണ്ഡിതരായ പ്രഫ. ബഹാഉദ്ദീൻ നദ്വി കൂരിയാട്, ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ നന്തി, പേേരാട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാർ കട്ടുപ്പാറ എന്നിവരാണ് െഎക്യചർച്ചക്കായി നിയോഗിച്ച സമിതിയിലുള്ളത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ചെയർമാൻ. ഇതിന് പുറമെ മധ്യസ്ഥ സമിതി കൺവീനർമാരായി ഇരു വിഭാഗങ്ങൾക്കും സമ്മതരായ സലാം ദാരിമി പെരിന്തൽമണ്ണ, ഡോ. ഇ.എന്. അബ്ദുല്ലത്തീഫ് എന്നിവരും ചർച്ചയിൽ പെങ്കടുത്തിരുന്നു.
കഴിഞ്ഞ മാർച്ചിൽ നേതാക്കൾ മലപ്പുറത്ത് യോഗം ചേർന്ന് 2017 ആഗസ്റ്റ് 21ന് തർക്കത്തെ തുടർന്ന് പൂട്ടിയ മഞ്ചേരി മുടിക്കോട് ജുമാമസ്ജിദ് തുറക്കാൻ ധാരണയായതോടെയാണ് ചർച്ചകളിൽ ആശാവഹമായ പുരോഗതിയുണ്ടായത്. മാർച്ച് 30ന് പള്ളിയിൽ ജുമുഅ നടക്കുകയും ചെയ്തു. ഉമർ ഫൈസി, അബ്ദുറഹ്മാന് ഫൈസി, ഡോ. ഇ.എന്. അബ്ദുല്ലത്തീഫ് എന്നിവർ പെങ്കടുത്തു. സ്നേഹവും ഐക്യവും നിലനിർത്തി ഒരുമയോടെ മുന്നോട്ടുപോവണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.
മുമ്പ് പലതവണ സുന്നി െഎക്യ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ എവിടെയും എത്തിയിരുന്നില്ല. സമിതി അംഗങ്ങൾ പരസ്യപ്രതികരണം നടത്തരുതെന്ന വ്യവസ്ഥയിലാണ് പുതിയ സമിതിക്ക് കീഴിൽ ചർച്ചകൾ പുരോഗമിച്ചിരുന്നത്. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. എന്നാൽ, എന്തുകൊണ്ടോ പിന്നീട്െഎക്യനീക്കങ്ങൾക്ക് പ്രതീക്ഷിച്ച വേഗമുണ്ടായില്ല. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീളുന്നതെന്നാണ് പറയുന്നത്. ഇക്കാരണത്താൽ പൂട്ടിക്കിടക്കുന്ന മറ്റു പള്ളികളുടെയും മദ്റസകളുടെയും കാര്യത്തിൽ തീരുമാനമെടുക്കാനായിട്ടില്ല.
സംഘർഷത്തെ തുടർന്ന് അടച്ച മലപ്പുറം ജില്ലയിലെ വാഴയൂർ കക്കോവ് ജുമാമസ്ജിദ് പള്ളി മുതവല്ലിയുടെ നേതൃത്വത്തിൽ തുറക്കാൻ ഹൈകോടതി നിർദേശമുണ്ടെങ്കിലും എതിർപ്പുകാരണം സാധിച്ചിട്ടില്ല. ഇതിന് പുറമെ വണ്ടൂർ പോരൂരിൽ തർക്കത്തിലുള്ള മദ്റസ കെട്ടിടത്തിെൻറ ഒരുഭാഗം വ്യാഴാഴ്ച അർധരാത്രിയോടെ തകർത്തതായും ഒരു വിഭാഗം ആരോപിക്കുന്നു. െഎക്യ ചർച്ചകൾ നീണ്ടാൽ തർക്കങ്ങൾ അനാവശ്യ സംഘർഷത്തിലേക്കും മറ്റും നീങ്ങുമെന്നാണ് ഇരു വിഭാഗത്തുമുള്ള നിഷ്പക്ഷമതികളുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.