തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാനുള്ള നടപടിയുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി. നിലവിലെ വനനിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന നടപടിയാണിത്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും വിധം ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. റവന്യൂ വകുപ്പ് നിലവില്‍ തയാറാക്കിയിരിക്കുന്ന ലാൻറ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കും.
അതേസമയം, ഇൗ തീരുമാനം കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം:
(ഒരു മന്ത്രിക്ക് നിയമസഭയിൽ പ്രസ്താവന നടത്താൻ അവകാശം നൽകുന്നതാണ് ചട്ടം 300)
കേരളത്തിെൻറ ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ രൂപപ്പെട്ടുവന്നതാണ് തോട്ടം മേഖല. പശ്ചിമഘട്ട മലകളിലേയും മലയോരപ്രദേശങ്ങളിലെയും ഭൂപ്രകൃതി ഇത്തരം വിളകള്‍ക്ക് അനുയോജ്യമാണ് എന്നതിനാല്‍ ചരിത്രപരമായി ഈ മേഖലയില്‍ തോട്ടങ്ങള്‍ രൂപപ്പെട്ടുവന്നു. റബ്ബര്‍, തേയില, കാപ്പി, ഏലം തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവയുടെ വിള വിസ്തൃതി ഏകദേശം 7.04 ലക്ഷം ഹെക്ടറോളം വരുന്നതുമാണ്.
തോട്ടം വിളകളുടെ സവിശേഷത അവ പൂര്‍ണ്ണമായും കമ്പോളത്തെ ലക്ഷ്യം വച്ച് കൃഷി ചെയ്യുന്നതാണ്. ആഗോള മാര്‍ക്കറ്റുകളില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഉള്‍പ്പെടെ ഈ മേഖലയെ സ്വാധീനിച്ചുവരുന്നവയാണ്.
കേരളത്തിലെ തോട്ടം മേഖല വമ്പിച്ച പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവിടെ നിലനിന്ന പ്രതിസന്ധി കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചതു വഴി സാമൂഹ്യ സംഘര്‍ഷങ്ങള്‍ തന്നെ രൂപപ്പെട്ടുവന്നിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഭൂവിനിയോഗ മാറ്റങ്ങള്‍ക്കും പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കുന്നതിലേക്കും നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുകയുണ്ടായി. ഇതിനായി സമഗ്രമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുമുണ്ട്.
തോട്ടം മേഖലയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യസംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം രൂപപ്പെട്ടുവന്നപ്പോള്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി 2015 നവംബറില്‍ മുന്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന്, പ്രസ്തുത കമ്മീഷന്‍ 10.08.2016-ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും ടാക്‌സസ്, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴില്‍, നിയമം വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായി 18.06.2017-ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. 27.09.2017-ല്‍ പ്രസ്തുത കമ്മിറ്റി സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് 20.06.2018-ല്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ജീവിത സംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നാടിന്റെ താല്‍പ്പര്യത്തിന്റെയും ഭരണസംവിധാനങ്ങളുടെ ഇടപെടലിന്റെയും ഫലമായി രൂപംകൊണ്ടുവന്ന തോട്ടം മേഖലയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മേല്‍ പറഞ്ഞ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
ഈ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുമാണ് ബഹുമാനപ്പെട്ട സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.