കോണ്‍ഗ്രസ് ജയ് ഭീം വിളിക്കുമ്പോള്‍ ആര്‍ക്കും അസ്വസ്ഥത തോന്നും, ആ മുദ്രാവാക്യം അര്‍ഹിക്കുന്നവര്‍ മുഴക്കട്ടെ -ഡോ. ആസാദ്

കോഴിക്കോട്: ജയ് ഭീം മുദ്രാവാക്യത്തെ പാലാരിവട്ടം പാലത്തിന്റെ ബീമിനോട് ഉപമിച്ച മുരളി പെരുനെല്ലി എം.എൽ.എയുടെ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ആ മുദ്രാവാക്യം തോന്നു​മ്പോൾ ഉരുവിടാനുള്ളതല്ലെന്ന ഓർമപ്പെടുത്തലുമായി ഇടതു ചിന്തകൻ ഡോ. ആസാദ്. ജയ് ഭീം എന്ന അഭിവാദ്യം അര്‍ത്ഥമില്ലാത്ത മന്ത്രംപോലെ ഉരുവിടുന്നത് അപലപനീയമാണെന്നും അംബേദ്കറെ അഭിവാദ്യം ചെയ്യേണ്ടത് ദലിത്ത് സമൂഹങ്ങളുടെ ജീവല്‍സമരങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്താകെയും സംസ്ഥാനത്തും ദീര്‍ഘകാലം അധികാരമാളിയ കോണ്‍ഗ്രസ് ജയ് ഭീം വിളികള്‍ മുഴക്കുമ്പോള്‍ ആര്‍ക്കും അസ്വസ്ഥത തോന്നും. ഇക്കാലമത്രയും ആയിരക്കണക്കിന് കോളനികളില്‍ അടിത്തട്ടു സമൂഹങ്ങള്‍ കഴിയേണ്ടിവന്നത് തങ്ങളുടെ പിടിപ്പുകേടും കുറ്റവുമാണെന്ന് തിരിച്ചറിയാനും ഏറ്റു പറയാനും അവര്‍ സന്നദ്ധരാവേണ്ടതുണ്ട്. ദലിതര്‍ക്കും ആദിവാസികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയെന്ന കണക്ക് നിങ്ങള്‍ അവതരിപ്പിച്ചേക്കും. വഴിയില്‍ ചോര്‍ന്നുപോയ സഹായധനത്തിന്റെ പെരുമ പാടിയേക്കും. പക്ഷേ, അവരുടെ അടിസ്ഥാന ആവശ്യത്തിനു നേരെ മുഖം തിരിച്ച നിര്‍ദ്ദയവും മനുഷ്യത്വരഹിതവുമായ ഭരണകാലം എളുപ്പം മറക്കാനാവില്ല' -ആസാദ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ചെങ്ങറ മുതല്‍ തൊവരിമലവരെ ഭൂസമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വലതുപക്ഷത്തോടു മത്സരിക്കുന്ന ഇടതുപക്ഷത്തിനും പ്രസ്തുത മുദ്രാവാക്യം മുഴക്കാൻ അർഹതയില്ലെന്ന് അദ്ദേഹം അഭിപ്രായ​​പ്പെട്ടു.

'കേരളത്തിനു പുറത്ത് ഭൂസമരങ്ങള്‍ക്കും ജാതിഉന്മൂലനത്തിനും സമരം നയിക്കുന്ന ഇടതുപക്ഷം അധികാരമുള്ള കേരളത്തില്‍ അവര്‍ക്കു കൂടുതല്‍ ഉറപ്പുള്ള കോളനികളാണ് വാഗ്ദാനം ചെയ്യുന്നത്! നീല്‍ സലാം വിളിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എളുപ്പം കഴിയില്ല. എതിരാളികളെ തോല്‍പ്പിക്കാന്‍ വിളിക്കാനുള്ള മുദ്രാവാക്യങ്ങളല്ല ജയ് ഭീമും നീല്‍ സലാമും. വലതുപക്ഷ മത്സര രാഷ്ട്രീയത്തിന് ഉരുവിട്ടു കളിക്കാനുള്ള കരുക്കളല്ല. ദലിതരുടെ അതിജീവന സമര മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു സമരരംഗത്തു വരുമ്പോള്‍ മാത്രമാണ് ആ അഭിവാദ്യങ്ങള്‍ ഉരുവിടാന്‍ യോഗ്യതയുണ്ടാവുക. ഡോ. ഭീംറാവു അംബേദ്കറെക്കുറിച്ചുള്ള യോജിപ്പും വിയോജിപ്പും പറഞ്ഞുകൊള്ളുക. ആ മുദ്രാവാക്യം മാത്രം അര്‍ഹിക്കുന്നവര്‍ മുഴക്കട്ടെ' -ആസാദ് വ്യക്തമാക്കി.

ഡോ. ആസാദിന്റെ കുറിപ്പിന്റെ പൂർണ രൂപം

ജയ് ഭീം എന്ന അഭിവാദ്യം അര്‍ത്ഥമില്ലാത്ത മന്ത്രംപോലെ ഉരുവിടുന്നത് അപലപനീയമാണ്. അംബേദ്കറെ അഭിവാദ്യം ചെയ്യേണ്ടത് ദളിത് സമൂഹങ്ങളുടെ ജീവല്‍സമരങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ടാണ്.

ഭൂമിയിലും പൊതുവിഭവങ്ങളിലും അവര്‍ക്കുള്ള അവകാശം അംഗീകരിച്ചുകൊണ്ടാണ്. അതിനുവേണ്ടി നിയമസഭയ്ക്കകത്തും പുറത്തും പൊരുതിക്കൊണ്ടാണ്.

രാജ്യത്താകെയും സംസ്ഥാനത്തും ദീര്‍ഘകാലം അധികാരമാളിയ കോണ്‍ഗ്രസ് ജയ് ഭീം വിളികള്‍ മുഴക്കുമ്പോള്‍ ആര്‍ക്കും അസ്വസ്ഥത തോന്നും.

മനുവാദികളുടെ വംശീയ ദേശീയതയിലൂന്നിയ ഫാഷിസ്റ്റ് ഭരണം അവരുടെ കണ്ണുതുറപ്പിച്ചുവെങ്കില്‍ നല്ലത്. ഇക്കാലമത്രയും ആയിരക്കണക്കിന് കോളനികളില്‍ അടിത്തട്ടു സമൂഹങ്ങള്‍ കഴിയേണ്ടിവന്നത് തങ്ങളുടെ പിടിപ്പുകേടും കുറ്റവുമാണെന്ന് തിരിച്ചറിയാനും ഏറ്റു പറയാനും അവര്‍ സന്നദ്ധരാവേണ്ടതുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏറെ നടത്തിയെന്ന കണക്ക് നിങ്ങള്‍ അവതരിപ്പിച്ചേക്കും. വഴിയില്‍ ചോര്‍ന്നുപോയ സഹായധനത്തിന്റെ പെരുമ പാടിയേക്കും. പക്ഷേ, അവരുടെ അടിസ്ഥാന ആവശ്യത്തിനു നേരെ മുഖം തിരിച്ച നിര്‍ദ്ദയവും മനുഷ്യത്വരഹിതവുമായ ഭരണകാലം എളുപ്പം മറക്കാനാവില്ല.

അധികാരബദ്ധ ഇടതുക്ഷത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മിച്ചഭൂമി കണ്ടെത്താനോ ഭൂവിതരണത്തിനോ അവര്‍ തയ്യാറല്ല. ഭൂ പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടം അവരുടെ അജണ്ടയിലില്ല. ഭൂസമരങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ വലതുപക്ഷത്തോടു മത്സരിക്കുന്നതാണ് ചെങ്ങറ മുതല്‍ തൊവരിമലവരെ കണ്ടത്. കേരളത്തിനു പുറത്ത് ഭൂസമരങ്ങള്‍ക്കും ജാതിഉന്മൂലനത്തിനും സമരം നയിക്കുന്ന ഇടതുപക്ഷം അധികാരമുള്ള കേരളത്തില്‍ അവര്‍ക്കു കൂടുതല്‍ ഉറപ്പുള്ള കോളനികളാണ് വാഗ്ദാനം ചെയ്യുന്നത്! നീല്‍ സലാം വിളിക്കാന്‍ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എളുപ്പം കഴിയില്ല.

എതിരാളികളെ തോല്‍പ്പിക്കാന്‍ വിളിക്കാനുള്ള മുദ്രാവാക്യങ്ങളല്ല ജയ് ഭീമും നീല്‍ സലാമും. അതു പോരാളികളുടെ അഭിവാദ്യങ്ങളാണ്. തങ്ങളെ നയിക്കുന്ന വെളിച്ചത്തെക്കുറിച്ചുള്ള ആദരവാണ്. പിറക്കേണ്ട ലോകത്തെക്കുറിച്ചുള്ള സ്വപ്നമാണ്. വലതുപക്ഷ മത്സര രാഷ്ട്രീയത്തിന് ഉരുവിട്ടു കളിക്കാനുള്ള കരുക്കളല്ല. ദളിതരുടെ അതിജീവന സമര മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തു സമരരംഗത്തു വരുമ്പോള്‍ മാത്രമാണ് ആ അഭിവാദ്യങ്ങള്‍ ഉരുവിടാന്‍ യോഗ്യതയുണ്ടാവുക.

ഡോ. ഭീംറാവു അംബേദ്കറെക്കുറിച്ചുള്ള യോജിപ്പും വിയോജിപ്പും പറഞ്ഞുകൊള്ളുക. ആ മുദ്രാവാക്യം മാത്രം അര്‍ഹിക്കുന്നവര്‍ മുഴക്കട്ടെ.

ആസാദ്

08 ജൂലായ് 2022

Tags:    
News Summary - Eeveryone feels uncomfortable when Congress calls Jai Bhim -DR. Azad Malayattil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.