'താമരാക്ഷൻ പിള്ള'യെ ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കോതമംഗലം: പുലിവാല് പിടിച്ച കല്യാണ ഓട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവർ നെല്ലിക്കുഴി സ്വദേശി റഷീദിന്‍റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഡ്രൈവർ തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്തി വിശദീകരണം നൽകിയിരുന്നു.

വിശദീകരണം തൃപ്തികരമല്ലെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ജോയന്‍റ് ആർ.ടി.ഒ അറിയിച്ചു. ഞായറാഴ്ച നെല്ലിക്കുഴിയിൽനിന്ന് അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ.എസ്.ആർ.ടി.സി ബസാണ് വിവാദത്തിൽപെട്ടത്.

'പറക്കും തളിക' സിനിമയെ അനുകരിച്ച് ബസ് അലങ്കരിച്ചാണ് കല്യാണ ഓട്ടം നടത്തിയത്. നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. അർജന്റീനയുടെയും ബ്രസീലിന്റെയും കൊടികൾ വീശി ആഘോഷത്തിമിർപ്പിലായിരുന്നു ബസിന്റെ യാത്ര. 'താമരാക്ഷൻ പിള്ള' എന്ന് പേരും നൽകി. ബസിന്റെ വിഡിയോ വൈറലായതോടെ അപകടസാധ്യത ചൂണ്ടിക്കാട്ടി വൻ വിമർശനം ഉയർന്നു. വിവാദമായതോടെ ബസ് ഹൈറേഞ്ച് എത്തും മുമ്പേ തിരികെ വിളിച്ചു. കോതമംഗലം ഡിപ്പോയിലെത്തിച്ച ബസിന്റെ സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമ്പോഴാണ് കെ.എസ്.ആർ.ടി.സി ബസ് ഇങ്ങനെ സുരക്ഷിതമല്ലാത്ത രീതിയിൽ അലങ്കരിച്ച് സർവിസ് നടത്തുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

സാധാരണ ഗതിയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കെ.എസ്.ആർ.ടി.സി ബസ് വിവാഹം ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി വാടകക്ക് സര്‍വിസ് നടത്തുന്നതില്‍ നിയമ തടസമില്ല. എന്നാല്‍ ഒരു തരത്തിലും ബസിന്‍റെ ബോര്‍ഡ് മറക്കുകയോ അലങ്കാരപ്പണി ചെയ്യുന്നതിനോ അനുമതിയില്ല.

Tags:    
News Summary - "Ee parakkum thalika" model wedding service: RTO suspended KSRTC driver's license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.