വി. ശിവൻകുട്ടി
തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ഒരുവെല്ലുവിളിയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോടതി വിധി അനുസരിച്ചേ പ്രവർത്തിക്കാനാവൂ. എ.ജിയുടെ നിർദേശമാണത്. ആ തീരുമാനത്തെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. നാലുവർഷം കോടതിയിൽ പോകാത്തവരാണ് സർക്കാരിന്റെ അവസാന സമയത്ത് സമരവുമായി രംഗത്തെത്തുന്നത്. 2021ലാണ് ഹൈകോടതിയും സുപ്രിംകോടതിയും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതും സുപ്രധാന വിധി പുറപ്പെടുവിച്ചതും. വിധി എതിരാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് മാനേജ്മെന്‍റ് ചെയ്യേണ്ടത്. അല്ലാതെ സര്‍ക്കാരിനെ പഴിക്കുകയല്ല. അത് ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ സമരം നടത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളുമായി സർക്കാരിന് സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളത്. എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഭിന്നശേഷി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ, 1500ൽ താഴെ തസ്തികകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന നിയമലംഘനം അനുവദിക്കാന്‍ കഴിയില്ല. കൂടുതല്‍ കുട്ടികളും എയ്ഡഡ് മാനേജ്മെന്‍റുകളിലാണ് പഠിക്കുന്നത്. അവരെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ കഴിയില്ല. മാനേജ്മെന്‍റുകളുടെ വെല്ലുവിളി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാൻ നോക്കണ്ട. വിമോചന സമരം അന്ന് സാധിച്ചിട്ടുണ്ടാകും. ഇന്ന് അതിന് സാധ്യമല്ല. ചർച്ചക്ക് എപ്പോഴും സർക്കാർ തയ്യാറാണെന്നും വി. ശിവൻ കുട്ടി പറഞ്ഞു. സമാധാനപരമായി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസമേഖല കുഴപ്പമാണ് എന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ല. എന്നാൽ, വിഷയത്തിൽ ധിക്കാരപരമായ സമീപനം സർക്കാരിനില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.
എൻ.എസ്.എസ് മാനേജ്‌മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത് എന്ന അഡ്വക്കേറ്റ് ജനറലിന്റെയും ലോ സെക്രട്ടറിയുടെയും നിയമോപദേശം നിയമസഭയിൽ വ്യക്തമാക്കിയതാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് മാനേജ്‌മെന്റുകൾ നിയമിക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമന അംഗീകാരം നൽകുക മാത്രമാണ് വകുപ്പ് ചെയ്യുന്നത്. അതിനാൽ, നിയമനം നടത്താൻ സർക്കാരിനു സാധിക്കുന്നില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിയമന അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് ലഭിച്ചു. നയത്തിലെ 75 ശതമാനം കാര്യങ്ങളും നടപ്പിലാക്കി എന്ന് കാട്ടി മറുപടി നൽകും. ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥരും നിയമസഭ സമ്മേളനം പൂർത്തിയായതിനുശേഷം താനും കേന്ദ്രസർക്കാരുമായി ചർച്ച നടത്തും. കേന്ദ്ര സർക്കാരിന് തൽസ്ഥിതി റിപ്പോർട്ട് കൈമാറി ലഭിക്കേണ്ട തുക വാങ്ങിയെടുക്കും. അധ്യാപകരുടെ ശമ്പളം അടക്കം കുടിശികയാണ്. പരമാവധി കൊടുത്ത് തീർക്കും. താമസിച്ചു എന്ന് കരുതി പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.