രാഹുൽ മാങ്കൂട്ടത്തിലിനെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളിൽ കുരുക്കിലായ പാലക്കാട് എം.എൽ.എയെ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി യോഗത്തിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ്. സംഘാടക സമിതിയിൽ നിന്ന് രാഹുലിനെ ഒഴിവാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. രാഹുലില്ലാതെ യോഗവുമായി മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം.

ഈ മാസം 25നാണ് സംഘാടകസമിതി രൂപീകരണ യോഗം.പരിപാടിയുടെ ഉദ്ഘാടകൻ മന്ത്രി എം.ബി രാജേഷാണ്. പാലക്കാടാണ് ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവം നടക്കേണ്ടത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ആരോപണം നേരിടേണ്ടി വന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാകെ നാണക്കേടുണ്ടാക്കിയ രാഹുല്‍, ഷാഫി പറമ്പില്‍ സ്കൂളിലാണ് പഠിച്ചിറങ്ങിയത്. അഹങ്കാരത്തിന്‍റെ ആള്‍രൂപമായ രാഹുലിനെക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് രാജിവപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് അപമാനമാണ് രാഹുൽ. അഹങ്കാരത്തിനും ധികാരത്തിനും കൈയ്യും കാലും വച്ചവനാണ് രാഹുൽ. ഞങ്ങളാരും രാഷ്ട്രീയ പ്രവർത്തകരെ ബഹുമാനം ഇല്ലാതെ വിളിക്കാറില്ല. നിയമസഭയിൽ തരം താണ നിലയിലാണ് രാഹുൽ പ്രസംഗിക്കാറെന്നും വി.ശിവൻകുട്ടി പറഞ്ഞിരുന്നു.

സരിതയെ എല്ലാവർക്കും അറിയാം. അവർ ഇന്ന് രോഗം ബാധിച്ചു ആശുപത്രിയിലാണ്. മിനിമം അവരുടെ ആശുപത്രി ചെലവ് എങ്കിലും കോൺഗ്രസ് നൽകണം. സരിതയുടെ കാര്യത്തിൽ പേരുകേട്ടവർ അവർക്ക് ചികിൽസ നൽകണമായിരുന്നു. പ്രശ്നങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുന്നവരെ വിരട്ടാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

മന്ത്രിമാരുടെ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടട്ടെ. പാലക്കാട്ടെ എം.പി ഉൾപ്പടെ ആരോപണം ഉന്നയിക്കുന്നവർക്ക് എതിരെ ആരോപണം ഉന്നയിക്കുകയാണെന്നും വി.ശിവൻകുട്ടി വിമർശിച്ചു.

Tags:    
News Summary - Education Minister orders removal of Rahul Mamkootathil from School Science Festival organizing committee meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.