ഇ.ഡി റെയ്ഡ്: മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടിൽ സന്ദർശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. പാണക്കാട് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാൻ കഴിയുന്ന ദിവസങ്ങളായി വരാനിരിക്കുന്ന കാലം മാറണമെന്നും അദ്ദേഹം ആശംസിച്ചു.

എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയാറായില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യം ചോദിച്ചെങ്കിലും വിഷയം മാറ്റുകയായിരുന്നു. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുടെ വസതിയിലടക്കം നടന്ന ഇ.ഡി റെയ്ഡുകൾ രാഷ്ട്രീയമായി വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മൗനം. നേരത്തെ ഇതേ വിഷയത്തിൽ പ്രതികരണം തേടിയപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.

ബുധനാഴ്ച ഡൽഹി സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തോട് റെയ്ഡ് വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും മറുപടി നൽകാൻ തയാറായിരുന്നില്ല. ബുധനാഴ്ച അഞ്ച് തവണ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴും കേരളത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. 

അതേസമയം, പിണറായി വിജയന്റെ വസതിയിലുണ്ടായ ഇ.ഡി റെയ്ഡ് ഡൽഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധിയെപ്പോലെയുള്ള ദേശീയ നേതാക്കൾ മുമ്പ് പരസ്യമായി ചോദിച്ചതിലെ രാഷ്ട്രീയ ദുഷ്ടലാക്കാണ് നടപടികളിലൂടെ വ്യക്തമാകുന്നത്. ഇ.ഡി റെയ്ഡിന് പിന്നാലെ ബി.ജെ.പിക്കെതിരേ വിമർശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ പ്രതികരിച്ചു. ബി.ജെ.പി-കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിന്റെ മറ്റൊരു തെളിവാണ്. കോൺഗ്രസ് 'നടപടിയെടുക്കുന്നില്ല' എന്ന് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ ഇ.ഡി റെയ്ഡ് നടത്തിയത് ബി.ജെ.പി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും കെജ്‌രിവാൾ കുറിച്ചു. പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ് ഡൽഹിയിൽ കെജ്‌രിവാളിന് നേരെയുണ്ടായതിന് സമാനമാണെന്നാണ് സി.പി.എം ആരോപിച്ചിരുന്നത്. ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന് നേരെ കോൺഗ്രസ് പിന്തുണയോടെ ബി.ജെ.പിയും കേന്ദ്ര ഏജൻസികളും നടത്തിയ കടന്നാക്രമണങ്ങൾ ഇതിന് സമാനമായിരുന്നുവെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റിന്റെ നിലപാട്.

Tags:    
News Summary - ED raid: Chief Minister V.D. Satheesan again evades media questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.