തിരുവനന്തപുരം: സി.എം.ആര്‍.എല്‍ കമ്പനിയും എക്‌സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സള്‍ട്ടന്‍സി ബന്ധത്തിന്റെ പേരില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളില്‍ മോദി സര്‍ക്കാരിന്റെ ഇ.ഡി നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇ.ഡി നടത്തുന്ന റെയ്ഡുകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് വൈകുന്നു എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളം കേട്ടത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി യെ മാറ്റുന്നുവെന്ന നിലപാടില്‍ നിന്ന് അലിഖേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താൽപര്യമുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കോട്ടയം: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പി നിലപാട് രാഷ്ട്രീയ ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി. രാഷ്ട്രീയമായി സ്വാധീനമുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ.
ഇ.ഡി കേസുകളിൽ 98 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. ഇതിൽ രണ്ടോ മൂന്നോ ശതമാനം പേരെയേ കുറ്റക്കാരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ. നിലവിലെ നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്നതിന് തെളിവാണ് ഈ കണക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട്: അഴിമതിപ്പണം പറ്റിയ പിണറായി വിജയന്റെ മകൾക്കെതിരെ റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സി.പി.എം നേതൃത്വം നാടിന് അപമാനമാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ജാള്യം മറച്ചുവെച്ച് കേരളത്തിൽ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പരസ്യമായ ആഹ്വാനമാണ് സി.പി.എം നേതാക്കളുടേതെന്നും എൻ. വേണു അഭിപ്രായപ്പെട്ടു. ഇ.ഡി ഉദ്യോഗസ്ഥരെ സംരക്ഷിക്കാതെ പൊലീസ് സി.പി.എം നേതാക്കളുടെ ഇച്ഛാനുസരണം നോക്കുകുത്തികളായത് ശരിയായ നടപടിയല്ല. കരിമണൽ കർത്തയിൽ നിന്നും മാസപ്പടി വാങ്ങിയ പിണറായി വിജയന്റെ മകൾക്കെതിരെയാണ് ഇ.ഡി ഉദ്യോഗസ്ഥർ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ തെളിവു ശേഖരിക്കാൻ എത്തിയത് -എൻ. വേണു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.