കൊച്ചി: അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും അധികൃതരുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിലെ 11 കേന്ദ്രത്തിൽ ഇ.ഡിയുടെ കൊച്ചി മേഖല ഓഫിസിൽനിന്നുള്ളവരാണ് പരിശോധന നടത്തിയത്. വിവിധ ബാങ്കുകളിലെ 52.34 ലക്ഷം രൂപയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. കണക്കിൽപെടാത്ത 27.49 ലക്ഷം രൂപയും സ്വത്തുവകകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുമുണ്ട്.
പൊലീസ് രജിസ്റ്റർ ചെയ്ത ആറ് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. മൂസഹാജി ചരപ്പറമ്പിൽ, ബഷീർ എന്നിവരടക്കം അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ പ്രമോട്ടർമാരും അപ്പോളോ ഗ്രൂപ് ഓഫ് കമ്പനീസിന്റെ മറ്റ് ഡയറക്ടർമാരും ‘അപ്പോളോ ഗോൾഡ്’ എന്ന പ്രതിമാസ സമ്പാദ്യ പദ്ധതിയിൽ പണം മുടക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. ഒരു ലക്ഷം രൂപക്ക് പ്രതിമാസം 1000 രൂപയും 12 മാസ കാലാവധി പൂർത്തിയായാൽ നിക്ഷേപിച്ച തുക മടക്കി നൽകുമെന്നുമായിരുന്നു വാഗ്ദാനം.
കാലാവധി കഴിഞ്ഞും നിക്ഷേപം തുടരാൻ താൽപര്യമുള്ളവർക്ക് ജ്വല്ലറിയുടെ ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തിൽ വാഗ്ദാനം പാലിച്ചെങ്കിലും 2020നുശേഷം ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ മടക്കി നൽകിയില്ല. ഡയറക്ടർമാരിൽ ചിലർ ഒളിവിൽ പോയതോടെ ഇവർക്കെതിരെ ക്രൈംബ്രാഞ്ച് 42 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു.
അപ്പോളോ ഗ്രൂപ്പിനുകീഴിലെ സ്ഥാപനങ്ങളുടെ ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റുകളിൽ കൃത്രിമം നടന്നതായി ഇ.ഡി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അനധികൃതമായി 82.90 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്നായിരുന്നു കണ്ടെത്തൽ. ഇങ്ങനെ സമാഹരിച്ച പണം േകാഴിക്കോടും തിരുവനന്തപുരത്തും ഹോട്ടലുകൾ പണിയാനാണ് ഗ്രൂപ് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.