സുഹാസിനിയും സഹോദരി മഞ്ജുളയും മഹിളാ മന്ദിരം സൂപ്രണ്ട് നാരായണി, മാട്രൺ രമ്യ എസ്.സി.പി.ഒ ടി.കെ. നൗഷാദ് എന്നിവർക്കൊപ്പം
കോഴിക്കോട്: ‘അമ്മായെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ് പാട്ടിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയതാ നീ, പിന്നെ ഞാനും പാട്ടിയും എവിടെയെല്ലാം അന്വേഷിച്ചുവെന്നറിയുമോ, അവസാനം എന്‍റെ പ്രാർഥന സഫലമായല്ലോ’ - ഒന്നരപ്പതിറ്റണ്ട് മുമ്പ് നഷ്ടപ്പെട്ട അനിയത്തി സുഹാസിനിയെ കൺമുന്നിൽ കണ്ടപ്പോൾ മഞ്ജു വിതുമ്പി.
ഈ കൂടിക്കാഴ്ച കാണാൻ പാട്ടിയും അമ്മായും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞ മഞ്ജുളയുടെ വാക്കുകൾ മുറിഞ്ഞു. ഒന്നരപ്പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട തന്‍റെ കുടുംബവേരുകൾ കണ്ടെത്തിയതിന്‍റെ തിളക്കമായിരുന്നു സുഹാസിയുടെ കണ്ണിൽ. പറക്കമുറ്റാത്ത പ്രായത്തിൽ രണ്ടു ധ്രുവങ്ങളിലേക്ക് എടുത്തെറിയപ്പെട്ട സഹോദരിമാരുടെ പുനഃസമാഗമം കോഴിക്കോട് മഹിളാ മന്ദിരത്തിലും അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷിയാക്കി. ഇവരുടെ സന്തോഷത്തിൽ പങ്കാളിയാവാൻ തമിഴ്നാട്ടിലെ ജോലി സ്ഥലത്തുനിന്ന് സഹോദരൻ ചന്ദ്രനും വിഡിയോകോളിൽ എത്തി.
സുഹാസിനിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം ദൗത്യമായി ഏറ്റെടുത്ത പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ കെ.ടി. നൗഷാദിനൊപ്പമാണ് മഞ്ജുള ചൊവ്വാഴ്ച ഉച്ചയോടെ മഹിളാമന്ദിരത്തിലെത്തിയത്. കോഴിക്കോട് മഹിളാ മന്ദിരത്തിൽ താമസിക്കുന്ന സുഹാസിനി മാതാപിതാക്കളെയും സഹോദരങ്ങളെയും തേടുന്നുവെന്ന വാർത്ത ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്ത കണ്ട് തന്‍റെ മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ നൗഷാദ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നൗഷാദ് തമിഴ്നാട്ടിൽനിന്ന് വരുന്ന തീർഥാടകരെയെല്ലാം പത്രകട്ടിങ്ങും സുഹാസിനിയുടെ ഫോട്ടോയും കാണിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുഹാസിനിയുടെ പിതാവിനെക്കുറിച്ചും സഹോദരിയെക്കുറിച്ചും വിവരം ലഭിച്ചത്. തമിഴ്നാട്ടിലെ കടലൂരിലെ കുടുംബവീട്ടിൽനിന്ന് മലപ്പുറം താനൂരിൽ താമസിക്കുന്ന മാതാവിനെ കാണാൻ പാട്ടിക്കൊപ്പം കേരളത്തിലെത്തിയപ്പോൾ തിരൂരിൽവെച്ചാണ് സുഹാസിനിയെ കാണാതായതെന്ന് മഞ്ജുള പറഞ്ഞു.
കുട്ടിയെകണ്ട പൊലീസ് ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് ചിൽഡ്രൻസ് ഹോം, വേങ്ങരയിലെ റോസ് മനാർ ചിൽഡ്രൻസ് ഹോം, കോഴിക്കോട് ആഫ്റ്റർ കെയർ ഹോം എന്നിവിടങ്ങളിൽ കഴിഞ്ഞാണ് വെള്ളിമാട്കുന്ന് മഹിളാ മന്ദിരത്തിലെത്തിയത്. ഇപ്പോൾ പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന സുഹാസിനി കുടുംബത്തെക്കുറിച്ചറിയണമെന്ന ആഗ്രഹം മഹിളാ മന്ദിരം സൂപ്രണ്ട് നാരായണിയോടും മാട്രൺ രമ്യയോടും പങ്കുവെക്കുകയായിരുന്നു.
എന്നാൽ, എട്ടുവർഷം മുമ്പ് താൻ സഹോദരിയെത്തേടി കോഴിക്കോട്ടെത്തിയിരുന്നുവെന്നും അന്ന് നിരാശയായിരുന്നു ഫലമൊന്നും മഞ്ജുള പറഞ്ഞു. ഊട്ടിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് മഞ്ജുള. തങ്ങൾക്ക് ലഭിക്കാത്ത വിദ്യാഭ്യാസം അനിയത്തിക്ക് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് അവർ. ഇവരുടെ മാതാവ് പാഞ്ചാലി രണ്ടുവർഷം മുമ്പും പാട്ടി ആറുമാസം മുമ്പും മരിച്ചു. സഹോദരനെയും കൂട്ടി ഇടക്കിടെ കാണാൻ വരാമെന്ന് ഉറപ്പുനൽകിയാണ് മഞ്ജുള മടങ്ങിയത്. എന്നെങ്കിലും കുടുംബത്തെ കണ്ടെത്തണമെന്ന് ആഗ്രഹമുള്ള സുഹാസിനി 2010ൽതന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോൾ പത്രങ്ങളിൽ വന്ന വാർത്താ കട്ടിങ്ങുകളും ശേഖരിച്ചുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.