കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇടതിനുള്ള മേധാവിത്വം ഇത്തവണയും തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഇടതിനുതന്നെയാവും മേൽക്കൈ. കടുത്ത മത്സരമുണ്ടെങ്കിലും കണ്ണൂർ കോർപറേഷൻ യു.ഡി.എഫ് തന്നെ നിലനിർത്താനാണ് സാധ്യത. കോർപറേഷനിൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തും. ശക്തമായ പ്രചാരണവുമായി ബി.ജെ.പിയുമുണ്ട്. കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് നയിക്കുന്ന ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയും എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും യു.ഡി.എഫ് വിമതരും പിടിക്കുന്ന വോട്ടുകൾ കോർപറേഷൻ ഭരണചിത്രം നിർണയിക്കുന്നതിൽ പ്രധാനമാണ്. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെ എൽ.ഡി.എഫ് മേൽക്കൈ ഇത്തവണയും തുടരും. മലയോര മേഖലയിലെ ഇരിക്കൂർ ബ്ലോക്ക് യു.ഡി.എഫ് തിരിച്ചുപിടിക്കാനാണ് സാധ്യത.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലാവും യു.ഡി.എഫ് നില മെച്ചപ്പെടുത്തുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിലേക്ക് മാറിയത് മലയോര മേഖലകളിൽ യു.ഡി.എഫിന് വൻ തിരിച്ചടിയാണുണ്ടാക്കിയത്. കേരള കോൺഗ്രസ് എൽ.ഡി.എഫിൽ തുടരുന്നുവെങ്കിലും മുന്നണിക്ക് അനുകൂലമായ സാഹചര്യമല്ല മലയോര മേഖലകളിലുള്ളത്. കാർഷിക മേഖലയിലെ വിലത്തകർച്ച, വന്യജീവിശല്യം തുടങ്ങിയ വിഷയങ്ങളിലാണ് മലയോരമേഖലയുടെ അതൃപ്തി.
മലയോര മേഖലയിലെ ഏതാനും ഗ്രാമപഞ്ചായത്തുകളാണ് യു.ഡി.എഫ് തിരിച്ചുപിടിക്കാൻ സാധ്യത. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് പല പഞ്ചായത്തുകളും ഇടത്തോട്ട് തിരിഞ്ഞത്. കുടിയേറ്റ മേഖലകളിൽ വോട്ട് ലക്ഷ്യമിട്ട് ക്രൈസ്തവ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കിയുള്ള ബി.ജെ.പി പരീക്ഷണവും ഇത്തവണയുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന മുഴുപ്പിലങ്ങാട് പഞ്ചായത്തിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. എസ്.ഡി.പി.ഐ സീറ്റുകൾ വർധിച്ചാൽ ഇവിടെ ഭരണമാറ്റ സാധ്യതയുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നഗരസഭകളിൽ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. യു.ഡി.എഫ് ഭരിക്കുന്ന തളിപ്പറമ്പ്, എൽ.ഡി.എഫ് ഭരിക്കുന്ന ഇരിട്ടി നഗരസഭകളിൽ കടുത്ത പോരാണ്. ഇരിട്ടിയിൽ ബി.ജെ.പി, എസ്.ഡി.പി.ഐ വോട്ടുകൾ ഭരണം നിശ്ചയിക്കുന്നതിൽ നിർണായകമാവും. തലശ്ശേരി നഗരസഭയിൽ ബി.ജെ.പി നില മെച്ചപ്പെടുത്തുകയാണെങ്കിൽ യു.ഡി.എഫ് വീണ്ടും പിന്നാക്കം പോവും. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടികളും രംഗത്തുണ്ട്. ഭരണമാറ്റത്തോളം വരില്ലെങ്കിലും ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ജില്ലയിൽ പലയിടത്തും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.