തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്തിൽ ഭേദപ്പെട്ട പോളിങ്. ഏഴ് ജില്ലകളിൽ നടന്ന ഒന്നാംഘട്ടത്തിൽ 70.9 ശതമാനം പോളിങ് രേഖപ്പെടുത്തി. 2020ല്‍ സംസ്ഥാനത്താകെ 75.95 ശതമാനമായിരുന്നു പോളിങ്. കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് എറണാകുളത്തും 77.58 (കഴിഞ്ഞതവണ 77.28), കുറവ് പത്തനംതിട്ടയിലുമാണ് 66.78 (കഴിഞ്ഞതവണ 69.72). അന്തിമ കണക്കുകള്‍ വരുമ്പോള്‍ പോളിങ് ശതമാനത്തില്‍ വ്യത്യാസം വന്നേക്കാം. വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് ചൂടുപിടിച്ചു.
രാവിലെ 11നുശേഷം വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തി. ഉച്ചക്ക് ഒന്നരയോടെ പോളിങ് പലയിടത്തും 50 ശതമാനം കടന്നു. വൈകീട്ട് നാലോടെ 60 ശതമാനം കടന്ന് മുന്നേറി. കോര്‍പറേഷനുകളില്‍ കുറവ് പോളിങ് തിരുവനന്തപുരത്താണ്. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുണ്ടായതൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് ഒന്നാംഘട്ടം വിധിയെഴുതിയത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായി. പൂവച്ചല്‍ മുതിയാവിള പോളിങ് കേന്ദ്രത്തിൽ മറ്റ് സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ യന്ത്രത്തില്‍ ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിനുനേരെയുള്ള ലൈറ്റ് തെളിഞ്ഞു. തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. 11.30ഓടെ പുതിയ യന്ത്രം എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. പഴയ യന്ത്രം സീല്‍ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സ്ഥാനാർഥികള്‍ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡുകളില്‍ വോട്ടെടുപ്പ് റദ്ദാക്കി. ഇവിടങ്ങളില്‍ വോട്ടെടുപ്പ് പിന്നീട് നടക്കും. ഇതൊഴികെ 593 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഒന്നാംഘട്ടം തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ടം ഏഴ് വടക്കൽ ജില്ലകളിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. 13നാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം 67.4 (70.2)
കൊല്ലം 70.36 (73.51)
പത്തനംതിട്ട 66.78 (69.72)
ആലപ്പുഴ 73.76 (77.39)
കോട്ടയം 70.94 (73.95)
ഇടുക്കി 71.77 (74.68).
എറണാകുളം 74.58 (77.28)
തിരുവനന്തപുരം 58.24
കൊല്ലം 63.32
എറണാകുളം 62.52
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.