കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണ ഉദ്യോഗസ്ഥൻ പി. രാധാകൃഷ്ണന് സ്ഥലംമാറ്റം. പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താതെയാണ് ജോയന്റ് ഡയറക്ടർ റാങ്കിലുള്ള രാധാകൃഷ്ണനെ ചെന്നൈയിലേക്ക് മാറ്റിയത്. ഒരുവർഷം മുമ്പ് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരുന്നെങ്കിലും തുടക്കം മുതൽ കേസ് അന്വേഷണത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ ഇത് മരവിപ്പിച്ചിരുന്നു.
കേസില്‍ കുറ്റപത്രം സമർപ്പണമടക്കം നടപടികൾ പൂർത്തിയായിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിന്‍റെ ചുമതലയും രാധാകൃഷ്ണനാണ്. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. 10 ദിവസത്തിനകം ചെന്നൈ സോണൽ ഓഫിസിൽ ചുമതലയേൽക്കാനാണ് ഉത്തരവ്. തുടർന്ന് കൊച്ചി ഓഫിസ് ചുമതല അദ്ദേഹം ഒഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കും മുന്‍ മന്ത്രിമാരുമടക്കമുള്ളവർക്കെതിരെ സ്വപ്ന നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്. പലതവണ സ്വപ്നയെ ഇ.ഡി ഓഫിസിൽ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. കൂടുതൽ ഉന്നതരെ ചോദ്യം ചെയ്യുമെന്ന സൂചനകൾ നിലനിൽക്കെയാണ് സ്ഥലംമാറ്റം. ഒരുവർഷം മുമ്പ് മരവിപ്പിച്ച സ്ഥലംമാറ്റം അന്വേഷണത്തിന്‍റെ ഒരുഘട്ടം പൂർത്തിയായ സാഹചര്യത്തിൽ നടപ്പാക്കുന്നുവെന്ന വിശദീകരണമാണ് ഇ.ഡി നൽകുന്നത്.
എന്നാൽ, സ്വപ്നയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നതടക്കം രാധാകൃഷ്ണനെതിരെ ലഭിച്ച ചില പരാതികളാണ് അടിയന്തരമായി സ്ഥലം മാറ്റുന്നതിന് പിന്നിലെന്നാണ് സൂചന. മൊഴിയുടെ അടിസ്ഥാനത്തിൽ ചില സുപ്രധാന കാര്യങ്ങളിലേക്ക് ഉദ്യോഗസ്ഥൻ ഇതുവരെ കടന്നിട്ടില്ലെന്ന ആരോപണം സ്വപ്നയുടെ സംഘ്പരിവാർ ബന്ധമുള്ള അഭിഭാഷകനടക്കമുള്ളവർക്കുണ്ട്. കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ രാധാകൃഷ്ണൻ ഏകപക്ഷീയ നീക്കം നടത്തിയെന്ന ആരോപണം നേരത്തേതന്നെയുണ്ട്. പുതിയ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കുമെന്നാണ് ഇ.ഡി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.