ഇ.ഡി: ഐസക്കിനെ സംരക്ഷിച്ച് സി.പി.എം

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ച അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. നേരിട്ട് ഹജരാകണമെന്ന് കാണിച്ച് ഇ.ഡി ഐസക്കിന് നോട്ടീസ് നൽകിയിരുന്നു. രേഖാമൂലം വിശദീകരണം നൽകാനാണ് നേതൃത്വം ഐസക്കിനോട് നിർദേശിച്ചത്.

സി.പി.എമ്മിന് ലഭിച്ച നിയമോപദേശവും സമാനമായിരുന്നു. ഇതുപ്രകാരം ഐസക് തന്‍റെ മറുപടി ഇ-മെയിൽ വഴി നൽകി. താൻ ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കണം, കിഫ്ബി രേഖകളുടെ ഉടമ സർക്കാറായതിനാൽ അതുസംബന്ധിച്ച് തനിക്ക് മറുപടി നൽകാൻ കഴിയില്ല. തന്‍റെ സമ്പാദ്യം സംബന്ധിച്ച വിവരം പൊതുസമൂഹത്തിനു മുന്നിലുണ്ടെന്നും വ്യക്തമാക്കിയാണ് മറുപടി.

സംസ്ഥാന വികസനത്തിന് ബജറ്റിന് പുറത്ത് സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണ് കിഫ്ബി വഴി പണം കണ്ടെത്തിയത്. ഇതിനു പൊതുസമൂഹത്തിന്‍റെ അംഗീകാരമുള്ളതായി സി.പി.എം വിലയിരുത്തുന്നു. വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്‍റെ ഭാഗമായാണ് ഈ അന്വേഷണത്തെ നേതൃത്വവും സർക്കാറും കാണുന്നത്. ഇതു മുൻനിർത്തി രാഷ്ട്രീയ പ്രചാരണം നടത്തുമ്പോൾ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാവേണ്ടതില്ലെന്നാണ് അഭിപ്രായം.

സംഘ്പരിവാർ സംഘടനയായ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുക്കുകയും വിവാദ പ്രസ്താവന നടത്തുകയും ചെയ്ത കോഴിക്കോട് മേയർ ബിന്ദു ഫിലിപ് സി.പി.എം സംസ്ഥാന നേതൃത്വത്തിന് നേരിട്ട് വിശദീകരണം നൽകി. സാധാരണനിലയിൽ ബ്രാഞ്ചംഗമായ ബിന്ദു ജില്ല ഘടകത്തിന് വിശദീകരണം നൽകിയാൽ മതിയാവും. എന്നാൽ, മേയർ പദവിയിലിരുന്നുള്ള നടപടിയുടെ ഗൗരവം കണക്കിലെടുത്താണ് അസാധാരണ നടപടി. തിരുവനന്തപുരത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ മേയർ പാർട്ടി ആസ്ഥാനത്തെത്തിയാണ് വിശദീകരണം നൽകിയത്. മേയർ തന്‍റെ പിഴവുകൾ തുറന്ന് സമ്മതിക്കുകയും തെറ്റുകൾ ബോധ്യപ്പെട്ടെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായാണ് വിവരം.

ബുധനാഴ്ച ആരംഭിച്ച സംസ്ഥാന സമിതിയിൽ മേയറുടെ വിവാദം ചർച്ചയായില്ല. വ്യാഴാഴ്ച അംഗങ്ങൾ ഉന്നയിച്ചാൽ നേതൃത്വം വിശദീകരണം നൽകും. സംസ്ഥാന സെക്രട്ടറിയുടെ രോഗാവസ്ഥ കണക്കിലെടുത്ത് ചുമതല ആർക്കെങ്കിലും കൈമാറുമോ എന്ന് വ്യാഴാഴ്ച അറിയാം. അതേസമയം, മാറ്റമുണ്ടാവില്ലെന്ന് നേതൃത്വം വിശദീകരിക്കുന്നുണ്ട്. 

Tags:    
News Summary - ED: CPM defends Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.